അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാന്റെ മിന്നലാക്രമണം; ഇന്നുപുലർച്ചെ നടന്നത് ഓപ്പറേഷൻ സിന്ദൂറിന് സമാനമായ സംഭവങ്ങൾ

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ അപ്രതീക്ഷിത ആക്രമണം നടത്തിയതായും തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാകിസ്ഥാൻ അറിയിച്ചു. ഇന്ന് പുലർച്ചയോടെയായിരുന്നു പാകിസ്ഥാന്റെ ആക്രമണം. പാകിസ്ഥാനിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭീകരാക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ആക്രമണം നടന്നത് കൃത്യമായി ഏത് സ്ഥലത്താണെന്നോ എത്രത്തോളം നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നോ ഉള്ള വിവരങ്ങൾ പാകിസ്ഥാൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതേസമയം, അഫ്ഗാനിസ്ഥാന്റെ അതിർത്തിക്കുള്ളിലേക്ക് കടന്നാണ് പാകിസ്ഥാൻ ബോംബിട്ടതെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അതൗല്ല തരാർ ഇന്ന് രാവിലെ എക്സിലൂടെയാണ് സുപ്രധാന വിവരം പങ്കുവച്ചത്. പാകിസ്ഥാൻ താലിബാൻ എന്നറിയപ്പെടുന്ന തെഹ്രീക് താലിബാൻ പാകിസ്ഥാൻ (ടിടിപി), അവരുടെ സഖ്യകക്ഷികൾ തുടങ്ങിയവരുടെ ഏഴോളം താവളങ്ങൾ ലക്ഷ്യംവച്ചാണ് സൈന്യം ആക്രമണം നടത്തിയത്.
“ഇന്റലിജൻസ് അധിഷ്ഠിതമായി നടത്തിയ കൃത്യമായ ഓപ്പറേഷൻ” എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ടിടിപിയെ കൂടാതെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളുടെ സാന്നിദ്ധ്യമുള്ള ഇടങ്ങളിലും പാകിസ്ഥാൻ സൈന്യം ആക്രമിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ പാകിസ്ഥാൻ നൽകുന്നത്. എന്നാൽ ആക്രമണവുമായി ബന്ധപ്പെട്ട് അഫ്ഗാനിസ്ഥാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പാകിസ്ഥാന്റെ അപ്രതീക്ഷിത സൈനിക നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കാൻ സാദ്ധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. അതിർത്തി കടന്നുള്ള ഭീകരവാദത്തെച്ചൊല്ലി പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ നേരത്തെ തന്നെ തർക്കങ്ങൾ നിലനിന്നിരുന്നു. പാകിസ്ഥാനിലെ ജനവാസ മേഖലകളെയും സൈനികരെയും ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളുടെ ഉറവിടം അതിർത്തിക്കപ്പുറമാണെന്ന വാദത്തിൽ പാകിസ്ഥാൻ ഉറച്ചുനിൽക്കുകയാണ്.
അതേസമയം, ടോളോ ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, പാകിസ്ഥാന്റെ വ്യോമസേന ജെറ്റുകൾ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബെർമൽ ജില്ലയിലെ മത പഠന കേന്ദ്രം ലക്ഷ്യമാക്കിയും നംഗർഹാർ പ്രവിശ്യയിലെ ഖോഗ്യാനി ജില്ലയിൽ ഒന്നിലധികം വ്യോമാക്രമണങ്ങൾ നടത്തിയതായും പറയുന്നു. പക്തികയിലെ അർഗുണിലും, നംഗർഹറിലെ ബഹ്സോദ്, ഘാനി ഖേൽ ജില്ലകളിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
Source link

