LATEST

എപ്‌സ്‌റ്റീൻ വിവാദം: 11 മണിക്കൂർ ചോദ്യംചെയ്യൽ, ആൻഡ്രൂവിനെ വിട്ടയച്ചു

ലണ്ടൻ: എപ്സ്റ്റീൻ വിവാദത്തിൽ കസ്റ്റഡിയിലായ മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ-വിൻഡ്സറെ ചോദ്യംചെയ്യലിന് ശേഷം പൊലീസ് വിട്ടയച്ചു. 11 മണിക്കൂർ ആൻഡ്രൂവിനെ ചോദ്യം ചെയ്തു. മുമ്പ് താമസിച്ചിരുന്ന രാജകീയ മാളികയായ ബെർക്‌ഷെയറിലെ ‘റോയൽ ലോഡ്ജിൽ” പൊലീസ് ഇന്നലെ തെരച്ചിൽ നടത്തി. വരുംദിവസങ്ങളിലും വിവിധയിടങ്ങളിൽ പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു. വ്യാപാര പ്രതിനിധിയെന്ന തന്റെ പദവി ആൻഡ്രൂ ദുരുപയോഗം ചെയ്തോയെന്നാണ് അന്വേഷണം. കഴിഞ്ഞ ദിവസം നോർഫോക്കിലെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലെ വസതിയിലെത്തി ആൻഡ്രൂവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രഹസ്യ സർക്കാർ റിപ്പോർട്ടുകളും ആഭ്യന്തര മെമ്മോകളും ആൻഡ്രൂ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന് കൈമാറിയെന്ന റിപ്പോർട്ട് പുറത്തായതോടെയാണിത്. 2001 – 2011 കാലത്ത് യു.കെയുടെ പ്രത്യേക അന്താരാഷ്ട്ര വ്യാപാര, നിക്ഷേപ പ്രതിനിധിയായിരിക്കെയാണ് ആൻഡ്രൂ നിർണായക രേഖകൾ എപ്സ്റ്റീന് കൈമാറിയതെന്നാണ് റിപ്പോർട്ട്.

എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ ആൻഡ്രൂവിന്റെ രാജകീയ പദവികളും ബഹുമതികളും ചാൾസ് രാജാവ് നേരത്തെ എടുത്തുകളഞ്ഞിരുന്നു. എന്നാൽ,​ ബ്രിട്ടീഷ് രാജസിംഹാസനത്തിന്റെ അവകാശികളുടെ നിരയിൽ എട്ടാം സ്ഥാനത്ത് ആൻഡ്രൂ തുടരുന്നതിനെതിരെ പ്രതിഷേധം ശക്തമായി. ആൻഡ്രൂവിനെ അവകാശികളുടെ നിരയിൽ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം.


Source link

Related Articles

Back to top button