ശുചിമുറി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിക്ക് കലക്ടറുടെ നിർദേശം

കോട്ടയം: പൊതുസ്ഥലങ്ങളിൽ സെപ്റ്റിക് ടാങ്ക് മാലിന്യം അനധികൃതമായി ഒഴുക്കുന്ന പ്രവണതയ്ക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ ജില്ലാ വികസനസമിതി യോഗത്തിൽ ജില്ലാ കലക്ടർ ചേതൻകുമാർ മീണ കർശന നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട കൃത്യമായ മാർഗനിർദേശങ്ങൾ അതത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരിലേക്ക് എത്തിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാത്രികാലങ്ങളിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കർശന പരിശോധനകൾ ഉറപ്പാക്കണമെന്നും, നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
നഗരപ്രാന്തങ്ങൾ ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശുചിമുറി മാലിന്യം വ്യാപകമായി തള്ളുന്നതിനെതിരെ ജനപ്രതിനിധികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം ഇത്തരം നിയമവിരുദ്ധ പ്രവർത്തികളിൽ ഏർപ്പെട്ടവർക്കെതിരെ നാല് കേസുകൾ രജിസ്റ്റർ ചെയ്യുകയും മൂന്ന് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയം വ്യക്തമാക്കി. മാലിന്യ നിക്ഷേപം തടയാൻ എല്ലാ സബ് ഡിവിഷനുകളിലെയും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. രാത്രി പട്രോളിങ് സംഘങ്ങൾ ഇതിനായി പ്രത്യേക നിരീക്ഷണം നടത്തിവരികയാണ്. പിടിച്ചെടുക്കുന്ന വാഹനങ്ങൾ കോടതിയിൽ ഹാജരാക്കാനാണ് നിർദേശം. കൂടാതെ, വ്യാപാരികളുടെയും സന്നദ്ധ സംഘടനാ പ്രവർത്തകരുടെയും സഹായത്തോടെ കൂടുതൽ സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചും നിരീക്ഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വിജയപുരം ലൈഫ് ഭവനസമുച്ചയത്തിലെ അറ്റകുറ്റപ്പണികൾ ഡിസംബർ പകുതിയോടെ പൂർത്തിയാക്കാൻ കഴിയുമെന്ന് ലൈഫ് മിഷൻ അധികൃതർ യോഗത്തിൽ അറിയിച്ചു. കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ ജോലികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ടെന്നും, താമസക്കാരുടെ പരാതികൾ വേഗത്തിൽ പരിഹരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ലൈഫ് മിഷൻ വ്യക്തമാക്കി. അതേസമയം, നാട്ടകം ഗസ്റ്റ് ഹൗസിന്റെ നവീകരണ പ്രവർത്തനങ്ങൾ അടുത്ത വർഷം മാർച്ച് മാസത്തോടെ പൂർത്തിയാക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നത് സംബന്ധിച്ച് പ്രത്യേക യോഗം വിളിച്ചു ചേർക്കാൻ ജില്ലാ കലക്ടർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.




