മധ്യവയസ്കർക്ക് നടത്തം മാത്രം പോരാ; ആരോഗ്യ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആരോഗ്യപൂർണ്ണമായ ജീവിതശൈലിയുടെ ഭാഗമായി ദിവസവും പതിനായിരം ചുവടുകൾ നടക്കുന്നത് ഇന്ന് ഒട്ടുമിക്ക ആളുകളുടെയും ശീലമാണ്. എന്നാൽ, നടത്തം കൊണ്ട് മാത്രം എല്ലുകളുടെ ആരോഗ്യം പൂർണ്ണമാവില്ലെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത കാർഡിയോതൊറാസിക് സർജൻ ഡോ. ജെറമി ലണ്ടൻ. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ, പ്രത്യേകിച്ച് മധ്യവയസ്സിലുള്ള സ്ത്രീകൾ ഈ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
നടത്തം ശീലിക്കുന്നത് വഴി മാനസിക ഉന്മേഷം വർദ്ധിക്കുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് ഡോ. ലണ്ടൻ അംഗീകരിക്കുന്നുണ്ട്. എന്നിരുന്നാലും, എല്ലുകളുടെ സാന്ദ്രത വർദ്ധിപ്പിക്കുന്നതിനാവശ്യമായ ‘മെക്കാനിക്കൽ ലോഡ്’ നൽകാൻ വെറും നടത്തം മാത്രം പോരെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ‘നടത്തം എല്ലുകളെ ബലപ്പെടുത്തുന്നില്ല’ എന്ന സന്ദേശത്തോടെയാണ് അദ്ദേഹം ഈ വിഷയം പങ്കുവെച്ചിരിക്കുന്നത്.
മധ്യവയസ്സ് പിന്നിടുമ്പോൾ ഹോർമോൺ വ്യതിയാനങ്ങൾ മൂലം സ്ത്രീകളിൽ ‘ഓസ്റ്റിയോപീനിയ’, ‘ഓസ്റ്റിയോപൊറോസിസ്’ പോലുള്ള പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. നടത്തത്തെ മാത്രം അമിതമായി ആശ്രയിക്കുന്നത് പിൽക്കാലത്ത് എല്ലുകൾക്ക് ബലക്ഷയം സംഭവിക്കാനും ഒടിവുകൾക്കും കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ ഏറ്റവും ഉചിതമായ മാർഗ്ഗം ഭാരമുയർത്തിയുള്ള ‘റെസിസ്റ്റൻസ് ട്രെയിനിംഗ്’ അഥവാ സ്ട്രെങ്ത് ട്രെയിനിംഗ് തന്നെയാണ്. ഇത്തരത്തിൽ ഭാരം ഉയർത്തി വ്യായാമം ചെയ്യുമ്പോൾ എല്ലുകളിൽ സമ്മർദ്ദം അനുഭവപ്പെടുകയും അത് അവയെ കൂടുതൽ ദൃഢമാക്കുകയും ചെയ്യുന്നു. വീഴ്ചകൾ സംഭവിക്കുമ്പോൾ നട്ടെല്ലിനും ഇടുപ്പെല്ലിനും ഗുരുതരമായ ക്ഷതങ്ങൾ ഏൽക്കാതിരിക്കാൻ സ്ട്രെങ്ത് ട്രെയിനിംഗ് അത്യന്താപേക്ഷിതമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
നടി തമന്ന ഭാട്ടിയയുടെ ഫിറ്റ്നസ് ട്രെയിനറായ സിദ്ധാർത്ഥ് സിംഗും സമാനമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും ശരീരം കൂടുതൽ ദൃഢമാക്കാനും ആഗ്രഹിക്കുന്നവർ സ്ട്രെങ്ത് ട്രെയിനിംഗിന് പ്രാധാന്യം നൽകണം. നടത്തം, റെസിസ്റ്റൻസ് ട്രെയിനിംഗ്, ശരീരത്തിന്റെ വഴക്കം കൂട്ടുന്ന വ്യായാമങ്ങൾ എന്നിവയുടെ ഒരു സംയോജിത രീതി പിന്തുടരുന്നത് ദീർഘകാലത്തേക്ക് ആരോഗ്യകരമാണ്. ആഴ്ചയിൽ ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും വെയ്റ്റ് ട്രെയിനിംഗ് ചെയ്യുന്ന ശീലം വാർദ്ധക്യത്തിലെ അസ്ഥി സംബന്ധമായ പ്രശ്നങ്ങളെ തടയുമെന്നും ആരോഗ്യരംഗത്തെ വിദഗ്ദ്ധർ കൂട്ടിച്ചേർക്കുന്നു.




