ബിഎസ്-3 വരെയുള്ള വാഹനങ്ങളുടെ പുക പരിശോധനാ കാലാവധി 3 മാസമായി ചുരുക്കി

വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (PUCC) ലഭിക്കുന്നതിനായുള്ള കാലാവധിയിൽ നിർണ്ണായകമായ ഭേദഗതികൾ വരുത്തിയിരിക്കുന്നു. ഇതനുസരിച്ച് ബിഎസ്1, ബിഎസ്2, ബിഎസ്3 വിഭാഗത്തിൽപ്പെട്ട വാഹനങ്ങളുടെ പുക പരിശോധന കാലാവധി ഇനി മുതൽ മൂന്ന് മാസമായിരിക്കും. ബിഎസ്4 വാഹനങ്ങളുടെ കാര്യത്തിൽ ആറ് മാസത്തെ കാലാവധിയാണ് അനുവദിച്ചിട്ടുള്ളത്.
വാഹനങ്ങളുടെ പഴക്കം അനുസരിച്ച് ബിഎസ്4 മോഡലുകളിൽ നിയന്ത്രണങ്ങൾ ഇപ്രകാരമാണ്: ആദ്യ രജിസ്ട്രേഷൻ തീയതി മുതൽ ആറ് വർഷം വരെ പഴക്കമുള്ള നോൺ-ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് മൂന്ന് വർഷവും, ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് രണ്ട് വർഷവുമാണ് സർട്ടിഫിക്കറ്റ് കാലാവധി. ആറ് മുതൽ പത്ത് വർഷം വരെ പഴക്കമുള്ളവയ്ക്ക് ഓരോ വർഷം കൂടുമ്പോഴും സർട്ടിഫിക്കറ്റ് പുതുക്കണം. പത്ത് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ആറ് മാസത്തിലൊരിക്കൽ നിർബന്ധമായും പുക പരിശോധന നടത്തേണ്ടതുണ്ട്.
പുതുതായി ഏർപ്പെടുത്തിയ ഈ നിയമം നിലവിലുള്ള സർട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിച്ച ശേഷം എടുക്കുന്ന പുതിയ സർട്ടിഫിക്കറ്റുകൾക്ക് മാത്രമേ ബാധകമാകുകയുള്ളൂ. കാലാവധി തീരുന്നതിന് പത്ത് ദിവസം മുൻപ് തന്നെ സർട്ടിഫിക്കറ്റ് പുതുക്കുകയാണെങ്കിൽ, നിലവിലെ കാലാവധി അവസാനിക്കുന്ന തീയതി മുതൽ പുതിയ സർട്ടിഫിക്കറ്റിന്റെ കാലാവധി കണക്കാക്കും. എന്നാൽ, കാലാവധി കഴിഞ്ഞതിന് ശേഷമാണ് പുതുക്കുന്നതെങ്കിൽ, പുതുക്കിയ തീയതി മുതലായിരിക്കും പുതിയ സർട്ടിഫിക്കറ്റിന്റെ കാലാവധി പ്രാബല്യത്തിൽ വരിക.




