മുഖക്കുരു ചികിത്സയ്ക്ക് വിവാദ എഫ് ട്യൂൺ ക്രീം നിർദേശിച്ച സംഭവം: ചികിത്സ തേടിയത് ഡോക്ടറുടെ നിർദേശപ്രകാരം

മലപ്പുറം തിരൂരിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ നിന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന മെർക്കുറി കലർന്ന ഫേസ്ക്രീം ഡോക്ടർ നിർദേശിച്ച സംഭവം വലിയ വിവാദമാകുന്നു. മുഖക്കുരു മാറാനായി ചികിത്സ തേടിയെത്തിയ യുവതിക്ക് ഡോ. ബാലകൃഷ്ണൻ നായരാണ് ‘എഫ് ട്യൂൺ’ (F-Tune) എന്ന ക്രീം പ്രിസ്ക്രിപ്ഷനായി നൽകിയത്.
താൻ നൽകിയ നിർദേശത്തിൽ യാതൊരു തെറ്റുമില്ലെന്ന നിലപാടാണ് ഡോക്ടർ സ്വീകരിച്ചത്. മാധ്യമപ്രവർത്തകർ ഇതുസംബന്ധിച്ച് ചോദിച്ചപ്പോൾ, വർഷങ്ങളായി താൻ തന്നെ ഈ ക്രീം ഉപയോഗിക്കുന്നുണ്ടെന്നും താൻ തന്നെയാണ് രോഗികൾക്ക് ഇത് ശുപാർശ ചെയ്യുന്നതെന്നുമാണ് ഡോക്ടറുടെ വാദം.
വിവാഹത്തിന് തൊട്ടുമുമ്പായി മുഖക്കുരുവിനുള്ള പരിഹാരമായാണ് താൻ തിരൂർ തൃക്കണ്ണൂരിലെ അമൃത മെഡിക്കൽസിലെ ഡോക്ടറെ സമീപിച്ചതെന്ന് യുവതി ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. മെഡിക്കൽ ഷോപ്പുകാരുടെ നിർദേശപ്രകാരമാണ് എഫ് ട്യൂൺ ക്രീം വാങ്ങിയതെന്നും, ഇത് വളരെ ഫലപ്രദമാണെന്നും അവർ വിശ്വസിപ്പിച്ചിരുന്നതായും യുവതി പറഞ്ഞു. ആദ്യം സ്റ്റോക്കില്ലാതിരുന്ന ക്രീം രണ്ടുദിവസം കഴിഞ്ഞ് വരുത്തി നൽകുകയായിരുന്നു.
തുടർന്ന് ഈ ക്രീം ഉപയോഗിച്ചപ്പോൾ മുഖത്ത് നിറം വർധിക്കുന്നതായി കണ്ടു. സംശയം തോന്നി മറ്റൊരു വിദഗ്ധ ഡോക്ടറെ കാണിച്ചപ്പോഴാണ്, ക്രീം പാടെ ഒഴിവാക്കണമെന്ന നിർദേശം ലഭിച്ചത്. ഡോക്ടറുടെ കുറിപ്പടിയായതുകൊണ്ട് പൂർണവിശ്വാസത്തോടെയാണ് ക്രീം ഉപയോഗിച്ചതെന്ന് യുവതി കൂട്ടിച്ചേർത്തു.
എന്നാൽ ഒളിക്യാമറ ദൃശ്യങ്ങളിൽ ഡോക്ടർ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. പാർശ്വഫലങ്ങളെക്കുറിച്ച് ഉയർന്ന പരാതികളെ തള്ളിക്കളഞ്ഞ ഡോക്ടർ, ഈ ക്രീമിന് യാതൊരു കുഴപ്പവുമില്ലെന്നും താൻ വർഷങ്ങളായി ഇത് ഉപയോഗിക്കുന്നുണ്ടെന്നും ആവർത്തിച്ചു. അരീക്കോടുള്ള പെൺകുട്ടിയുടെ വൃക്ക സംബന്ധമായ പരാതികളെക്കുറിച്ച് ചോദിച്ചപ്പോൾ, ആ കുട്ടിക്ക് മറ്റ് അസുഖങ്ങൾ ഉണ്ടായിക്കൂടേയെന്നായിരുന്നു ഡോക്ടറുടെ മറുപടി.
വർഷങ്ങളായി വൈദ്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഡോക്ടർ, ലേബലിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താത്തതും സുരക്ഷിതമല്ലാത്തതുമായ ഒരു മരുന്ന് രോഗികൾക്ക് നിർദേശിച്ചത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യരംഗം നോക്കിക്കാണുന്നത്.




