BUSINESS

ഓഫീസിന് ശേഷം തേങ്ങക്കച്ചവടം: 1.17 കോടി രൂപയുടെ നികുതി നോട്ടീസിൽ ഐടിഎടിയിൽ ഐടി ജീവനക്കാരിക്ക് വിജയം

വര്‍ഷം 25 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഒരു ഉദ്യോഗസ്ഥ ജോലി സമയത്തിന് ശേഷം നടത്തിയ തേങ്ങാവ്യാപാരത്തിലൂടെ ബാങ്ക് അക്കൗണ്ടിലെത്തിച്ച 1.17 കോടി രൂപ ‘അക്കൗണ്ടില്‍പ്പെടാത്ത പണം’ എന്ന് മുദ്രകുത്തി ആദായനികുതി വകുപ്പ് ചുമത്തിയ നികുതിക്കെതിരെ ചെന്നൈ ഇന്‍കം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (ITAT) ഇടപെടൽ. 2020-21 അസസ്‌മെന്റ് വര്‍ഷവുമായി ബന്ധപ്പെട്ട ഈ കേസില്‍, കൈവന്ന മുഴുവന്‍ തുകയ്ക്കും നികുതി ഈടാക്കുന്നതിന് പകരം, അതിലൊരു നിശ്ചിത ശതമാനം അധിക ബിസിനസ് വരുമാനമായി മാത്രം പരിഗണിച്ചാല്‍ മതിയെന്നാണ് ട്രൈബ്യൂണലിന്റെ സുപ്രധാന ഉത്തരവ്. ശമ്പളത്തോടൊപ്പം മറ്റ് തൊഴിലുകളിലോ ബിസിനസ്സുകളിലോ ഏര്‍പ്പെടുന്നവര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ വിധി.

തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ സ്വദേശിനിയായ അനിതയാണ് തന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് ശേഷം തേങ്ങാവ്യാപാരത്തിലേക്ക് കടന്നത്. സമീപത്തെ കര്‍ഷകരില്‍ നിന്നും തേങ്ങ ശേഖരിച്ചും, പാട്ടത്തിനെടുത്ത തോട്ടങ്ങളില്‍ നിന്നും തേങ്ങ പറിച്ചും വിപണിയില്‍ എത്തിക്കുന്നതായിരുന്നു അനിതയുടെ രീതി. ഈ കച്ചവടത്തിലൂടെ ലഭിച്ച 1.17 കോടി രൂപ ഇവര്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചു. ശമ്പളം വാങ്ങുന്ന ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ഇത്രയധികം തുക പണമായി വന്നത് നികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുകയും അസസ്സിംഗ് ഓഫീസര്‍ (AO) വിശദമായ പരിശോധന ആരംഭിക്കുകയും ചെയ്തു.

തുടക്കത്തില്‍ തേങ്ങാവില്‍പ്പനയില്‍ നിന്നുള്ള വരുമാനം കാര്‍ഷിക വരുമാനത്തിന്റെ പരിധിയില്‍ വരുമെന്നാണ് അനിത കരുതിയിരുന്നത്. എന്നാല്‍ പിന്നീട് 2023 മാര്‍ച്ച് 16-ന് അപ്‌ഡേറ്റഡ് റിട്ടേണ്‍ (ITR-U) ഫയല്‍ ചെയ്തപ്പോള്‍, സെക്ഷന്‍ 44AD പ്രകാരമുള്ള പ്രിസംപ്റ്റീവ് ടാക്സേഷന്‍ രീതി അവലംബിച്ച് 1.17 കോടി രൂപ ടേണ്‍ഓവറായി കാണിച്ച്, അതിലെ 8 ശതമാനം അഥവാ 10.216 ലക്ഷം രൂപ ബിസിനസ് വരുമാനമായി അനിത രേഖപ്പെടുത്തി. എങ്കിലും, കൃത്യമായ ഇടപാട് രേഖകളോ വാങ്ങല്‍-വില്‍പ്പന ബില്ലുകളോ ഹാജരാക്കാന്‍ കഴിയാതിരുന്നതിനാല്‍ അസസ്സിംഗ് ഓഫീസര്‍ ഈ വാദം തള്ളിക്കളയുകയായിരുന്നു. തുടര്‍ന്ന് സെക്ഷന്‍ 69A പ്രകാരം ആകെ ലഭിച്ച 1.17 കോടി രൂപയും വരുമാന സ്രോതസ്സ് വ്യക്തമാക്കാത്ത പണമായി കണ്ട് വന്‍ നികുതി ചുമത്തി.

ഈ നടപടിക്കെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കെ. വിശ്വ പത്മനാഭന്റെ നിയമസഹായത്തോടെ അനിത ചെന്നൈ ഐടിഎടിയെ സമീപിച്ചു. തന്റെ ബാങ്ക് ഇടപാടുകളും വ്യാപാരത്തിന്റെ സ്വഭാവവും ട്രൈബ്യൂണലിന് മുന്നില്‍ അനിത വ്യക്തമായി അവതരിപ്പിച്ചു. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ഉപയോഗിച്ചിരുന്നതും, പണം ഇടയ്ക്കിടെ പിന്‍വലിക്കുകയും നിക്ഷേപിക്കുകയും ചെയ്തത് കച്ചവടത്തിന്റെ ഭാഗമായാണെന്നും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. കൂടാതെ, താന്‍ തേങ്ങ വാങ്ങിയ കര്‍ഷകരുടെയും വിറ്റഴിച്ച വ്യാപാരികളുടെയും സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കി വ്യാപാരം യഥാര്‍ത്ഥമാണെന്ന് തെളിയിക്കാനും അനിതയ്ക്ക് സാധിച്ചു. ഇതിനെതിരായ തെളിവുകള്‍ നിരത്താന്‍ നികുതി വകുപ്പിന് കഴിഞ്ഞില്ല.

തേങ്ങ വാങ്ങി വില്‍ക്കുന്നത് കാര്‍ഷിക വൃത്തിയല്ല, മറിച്ച് വ്യാപാരമാണെന്ന് നിരീക്ഷിച്ച ട്രൈബ്യൂണല്‍, അതേസമയം കൈവന്ന മുഴുവന്‍ തുകയ്ക്കും പിഴയോടുകൂടിയ നികുതി ചുമത്തുന്നത് നീതിയുക്തമല്ലെന്നും വ്യക്തമാക്കി. കൃത്യമായ രേഖകളും സ്റ്റോക്ക് രജിസ്റ്ററുകളും സൂക്ഷിക്കുന്നതില്‍ അനിതയ്ക്ക് വീഴ്ച സംഭവിച്ചതിനാല്‍ ചില പിഴവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച ട്രൈബ്യൂണല്‍, ആകെ തുകയുടെ 8 ശതമാനമായ 9.416 ലക്ഷം രൂപ അധിക ബിസിനസ് വരുമാനമായി കണക്കാക്കി നികുതി ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കി. നേരത്തെ പ്രഖ്യാപിച്ച വരുമാനത്തിന് പുറമെയാണിത്. ഇതോടെ വന്‍ തുക പിഴയായി ഒടുക്കേണ്ടി വരുമെന്ന പ്രതിസന്ധിയില്‍ നിന്നും അനിതയ്ക്ക് മോചനം ലഭിച്ചു.

ശമ്പള വരുമാനത്തിന് പുറമേ മറ്റ് ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ ഉത്തരവ് കൃത്യമായ വഴികാട്ടിയാകുകയാണ്. സ്വന്തം കൃഷിഭൂമിയില്‍ നിന്നുള്ള വരുമാനമല്ലാതെ, ഉല്പന്നങ്ങള്‍ വാങ്ങി ലാഭത്തിന് വില്‍ക്കുന്നത് ബിസിനസായിട്ടാണ് കണക്കാക്കുക. ഇത്തരക്കാര്‍ തങ്ങളുടെ ശമ്പള വരുമാനവും ബിസിനസ് വരുമാനവും വെവ്വേറെ രേഖപ്പെടുത്താന്‍ ശ്രദ്ധിക്കണം. ബിസിനസ് ആവശ്യങ്ങള്‍ക്കായി പ്രത്യേകം ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതും, വാങ്ങല്‍-വില്‍പ്പന ബില്ലുകളും ഇടപാടുകാരുടെ വിവരങ്ങളും കൃത്യമായി സൂക്ഷിക്കുന്നതും ഭാവിയില്‍ ഇത്തരം നികുതി തര്‍ക്കങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കും.

Read News

Back to top button