തിരുവനന്തപുരം നഗരസഭയുടെ വീഴ്ച: അരമണിക്കൂർ മഴയിൽ തമ്പാനൂർ മുങ്ങി; മേയറുടെ പരാമർശം വിവാദത്തിൽ

തിരുവനന്തപുരം നഗരത്തിൽ ഒന്നര മണിക്കൂർ നീണ്ടുനിന്ന ശക്തമായ മഴയിൽ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. വെറും മുപ്പത് മിനിറ്റിനുള്ളിൽ തമ്പാനൂർ പ്രദേശം പൂർണമായും വെള്ളത്തിൽ മുങ്ങി. ഇതോടെ ബസ് സ്റ്റാൻഡിൽ എത്തിയ യാത്രക്കാർ പെട്ടുപോയി. നഗരത്തിലെ റോഡുകൾ ചെറിയ തോടുകൾക്ക് സമാനമായി മാറിയതോടെ വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി നിശ്ചലമായി. നഗരത്തിലെ ഒട്ടേറെ കടകളിലേക്കും വെള്ളം ഇരച്ചുകയറി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ തുടങ്ങിയ മഴയിൽ തമ്പാനൂരിലെ റോഡുകളും നടപ്പാതകളും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായിരുന്നു. കിഴക്കേക്കോട്ട മേഖലയിൽ മാത്രം 91.2 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. മോഡൽ സ്കൂൾ ജംക്ഷൻ മുതൽ അരിസ്റ്റോ ജംക്ഷൻ വഴി ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗത്ത് രണ്ട് മണിക്കൂറിലേറെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. റോഡരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങളും കാറുകളും വെള്ളത്തിൽ മുങ്ങി. വെള്ളക്കെട്ടിൽ വീണ് നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. അൻപതിലധികം വാഹനങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ചാല, പഴവങ്ങാടി, കിഴക്കേക്കോട്ട, ആര്യശാല, മണക്കാട്, എസ്എസ് കോവിൽ റോഡ്, വഞ്ചിയൂർ, ജനറൽ ആശുപത്രി പരിസരം, പൂജപ്പുര, കരമന തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ രീതിയിൽ വെള്ളം കയറി.
ഓടകളിലെ മാലിന്യം കൃത്യമായി നീക്കം ചെയ്യാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയതെന്ന് ആക്ഷേപമുണ്ട്. ആമയിഴഞ്ചാൻ തോട്ടിൽ നിന്നുണ്ടായ മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും റോഡുകളിലേക്ക് ഒഴുകിയെത്തി. മുട്ടോളം ഉയർന്ന മലിനജലത്തിലൂടെ കഷ്ടപ്പെട്ടാണ് ആളുകൾ റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും എത്തിയത്. ബസുകൾ ഒഴികെയുള്ള മറ്റ് വാഹനങ്ങളെ അധികൃതർ വഴിതിരിച്ചുവിട്ടു. വഞ്ചിയൂരിൽ കോടതി പരിസരം, ജുഡീഷ്യൽ ക്വാർട്ടേഴ്സ് റോഡ്, ഖാദി ബോർഡ് ലെയ്ൻ, പൊലീസ് സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലും ഗതാഗതം മുടങ്ങി. എസ്എസ് കോവിൽ റോഡിലെ വെള്ളക്കെട്ടിൽ വീണ ഒരാളെ അഗ്നിരക്ഷാസേന ആശുപത്രിയിലെത്തിച്ചു. ഇയാൾ അബോധാവസ്ഥയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഉച്ചയ്ക്ക് ഒന്നരയോടെ മഴ കുറഞ്ഞുവെങ്കിലും രണ്ടരയോടെ മാത്രമാണ് വെള്ളം ഇറങ്ങിത്തുടങ്ങിയത്. കോർപറേഷൻ ജീവനക്കാരും പൊലീസും ഓടകളിലെ തടസ്സം നീക്കാൻ ശ്രമിച്ചെങ്കിലും തമ്പാനൂരിലെ വെള്ളക്കെട്ട് തുടർന്നുകൊണ്ടിരുന്നു.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടന്നില്ലെന്ന ആരോപണം ശക്തമായതോടെ കോർപറേഷൻ പ്രതിരോധത്തിലായി. ഓടകളിൽ മാലിന്യം അടിഞ്ഞുകൂടിയതാണ് വെള്ളം ഒഴുകിപ്പോകുന്നതിനെ തടസ്സപ്പെടുത്തിയതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ കൗൺസിൽ യോഗങ്ങളിൽ ഇതുസംബന്ധിച്ച് പരാതികൾ ഉയർന്നിട്ടും കാര്യക്ഷമമായ നടപടി ഉണ്ടായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. മഴക്കാലപൂർവ ശുചീകരണത്തിനായി ഓരോ വാർഡിനും ഒരു ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. എന്നിട്ടും പ്രവർത്തനങ്ങൾ പാളിയത് ദുരൂഹമാണെന്നും ഇതിനു പിന്നിൽ അഴിമതിയുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ബില്ലുകൾ പരിശോധനയില്ലാതെ ഒറ്റയടിക്ക് പാസാക്കിയെന്നും, സൂപ്പർവൈസർമാർ കൃത്യമായ മേൽനോട്ടം വഹിച്ചില്ലെന്നും ഇവർ കുറ്റപ്പെടുത്തി.




