NEWS

7000 എംഎഎച്ച് ബാറ്ററിയുമായി മോട്ടറോള എഡ്ജ് 70 നിയോ വിപണിയിൽ; സവിശേഷതകളും വിലയും

സോണി ലിറ്റിയ 710 സെൻസറിലുള്ള 50 മെഗാപിക്സൽ ക്യാമറ, 144 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് 1.5കെ അമോലെഡ് ഡിസ്‌പ്ലേ, കരുത്തുറ്റ സ്നാപ്ഡ്രാഗൺ 7എസ് ജെൻ 3 ചിപ്‌സെറ്റ്, ഒപ്പം 7000 എംഎഎച്ച് ശേഷിയുള്ള കൂറ്റൻ ബാറ്ററി എന്നിവയുമായി മോട്ടറോളയുടെ പുതിയ ഹാൻഡ്‌സെറ്റ് ‘എഡ്ജ് 70 നിയോ’ (Motorola Edge 70 Neo) ഇന്ത്യയിൽ വിപണിയിലെത്തി. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉൾപ്പെടുന്ന അടിസ്ഥാന പതിപ്പിന് 40,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. വിവിധ ബാങ്ക് ഇളവുകളും ലോഞ്ച് ഓഫറുകളും പ്രയോജനപ്പെടുത്തിയാൽ 34,999 രൂപയ്ക്ക് ഉപയോക്താക്കൾക്ക് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും.

ക്യാമറയുടെ കാര്യമെടുത്താൽ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), 4കെ വിഡിയോ റെക്കോർഡിങ്, 10x സൂപ്പർ സൂം സൗകര്യം, പാന്റോൺ വാലിഡേറ്റഡ് കളർ സാങ്കേതികവിദ്യ എന്നിവ സജ്ജീകരിച്ചിട്ടുള്ള 50 മെഗാപിക്സൽ സോണി ലിറ്റിയ 710 (Sony LYTIA 710) സെൻസറാണ് ഇതിന്റെ പ്രധാന ആകർഷണം. ഇതിനു പുറമെ 2 മെഗാപിക്സൽ മാക്രോ ലെൻസും 3-ഇൻ-1 ലൈറ്റ് സെൻസറും പിൻഭാഗത്ത് നൽകിയിട്ടുണ്ട്. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി 4കെ റെക്കോർഡിങ് ശേഷിയുള്ള 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. ഗൂഗിൾ ഫോട്ടോസിലെ മാജിക് ഇറേസർ, ഫോട്ടോ അൺബ്ലർ തുടങ്ങിയ പുത്തൻ എഐ എഡിറ്റിങ് ഫീച്ചറുകളും ഇതിൽ ലഭ്യമാണ്.

കോർണിങ് ഗൊറില്ല ഗ്ലാസ് 7ഐയുടെ സുരക്ഷയും, പൊടിയിൽ നിന്നും ജലത്തിൽ നിന്നും സംരക്ഷണം നൽകുന്ന ഐപി64 (IP64) റേറ്റിങ്ങും, മികച്ച ഈടുനിൽപ്പിനായി മിലിട്ടറി ഗ്രേഡ് (MIL-STD-810H) സർട്ടിഫിക്കേഷനും ഫോണിനുണ്ട്. ആൻഡ്രോയിഡ് 16 അധിഷ്ഠിതമായ ഹലോ യുഎക്സിലാണ് (Hello UX) ഫോൺ പ്രവർത്തിക്കുന്നത്. തുടർച്ചയായി മൂന്ന് പ്രധാന ആൻഡ്രോയിഡ് അപ്‌ഗ്രേഡുകളും 2031 വരെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് മോട്ടറോള ഉറപ്പുനൽകുന്നു.

Fashion ⏭️

Back to top button