ഡിസംബർ 25 മുതൽ ഭക്ഷണനിരക്ക് 20 ശതമാനം വർധിപ്പിക്കാൻ കേറ്ററേഴ്സ് അസോസിയേഷൻ തീരുമാനം

കൊച്ചി: സംസ്ഥാനത്ത് പച്ചക്കറികൾ, പലചരക്ക് സാധനങ്ങൾ, മാംസം ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുതിച്ചുചാട്ടം കേറ്ററിങ് മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, ഡിസംബർ 25 മുതൽ ഭക്ഷണനിരക്കിൽ 20 ശതമാനം വർധനവ് വരുത്താൻ കേരള കേറ്ററേഴ്സ് അസോസിയേഷൻ തീരുമാനിച്ചു.
നേരത്തെ നിശ്ചയിച്ചുറപ്പിച്ച തുകയ്ക്ക് ഭക്ഷണം വിതരണം ചെയ്യേണ്ടി വരുന്ന കേറ്ററിങ് സംരംഭകർക്ക് ഇപ്പോഴത്തെ വിലക്കയറ്റം വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. ഇത് മറികടക്കുന്നതിനായി ‘നല്ല ഭക്ഷണത്തിന്, നല്ല വില’ എന്ന പേരിൽ ക്രിസ്മസ്-പുതുവത്സര കാലയളവിൽ സംസ്ഥാനതല ബോധവൽക്കരണ ക്യാംപെയ്ൻ ആരംഭിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
ഭക്ഷ്യവസ്തുക്കളുടെ അമിതവില നിയന്ത്രിക്കുന്നതിന് അടിയന്തരവും ഫലപ്രദവുമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.പി. ബാബു, ജനറൽ സെക്രട്ടറി സാജു വക്കാനിപ്പുഴ എന്നിവർ ആവശ്യപ്പെട്ടു. ഈ വിഷയം ചർച്ച ചെയ്യുന്നതിനായി സംഘടനയിലെ മുഴുവൻ പ്രതിനിധികളെയും ഉൾപ്പെടുത്തി സർക്കാർ അടിയന്തര യോഗം വിളിച്ചുചേർക്കണമെന്നും അവർ ആവശ്യപ്പെട്ടു.




