BUSINESS

2027-ഓടെ 1.38 കോടി തൊഴിലവസരങ്ങൾ: കോയമ്പത്തൂർ ഒന്നാമത്, കൊച്ചിയിലേക്ക് വൻ കുതിപ്പ്

2027-ല്‍ രാജ്യത്ത് 1.38 കോടി പുതിയ തൊഴിലവസരങ്ങള്‍ ഉദയം ചെയ്യുമെന്ന് പ്രമുഖ തൊഴില്‍ റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫൗണ്ട്ഇറ്റ് (foundit) പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ വൈറ്റ് കോളര്‍ നിയമന നിരക്ക് 8.16 ശതമാനത്തിലേക്ക് ഉയരുമ്പോള്‍, കോയമ്പത്തൂര്‍ 12.52 ശതമാനം വളര്‍ച്ചയോടെ പട്ടികയില്‍ ഒന്നാമതും, 5.57 ശതമാനം വളര്‍ച്ച കൈവരിച്ച് കൊച്ചി നാലാമതുമെത്തുന്നത് മലയാളികളായ ഉദ്യോഗാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം വലിയൊരു വാര്‍ത്തയാണ്. തൊട്ടുപിന്നിലെ വര്‍ഷം 3.30 ശതമാനമായി ഒതുങ്ങിനിന്ന നിയമന വളര്‍ച്ചയാണ് അടുത്ത വര്‍ഷം ഇരട്ടിയായി കുതിച്ചുയരുന്നത്.

കേരളത്തിനും അയല്‍നഗരത്തിനും വന്‍ നേട്ടം

2027-ല്‍ രാജ്യത്ത് തൊഴില്‍ നിയമനങ്ങളില്‍ വന്‍ കുതിച്ചുചാട്ടം രേഖപ്പെടുത്താന്‍ പോകുന്നത് ബംഗളൂരുവോ ഹൈദരാബാദോ അല്ല, മറിച്ച് കേരളത്തിന്റെ അയല്‍പക്കത്തുള്ള കോയമ്പത്തൂര്‍ ആയിരിക്കും. കഴിഞ്ഞ വര്‍ഷം 1.86 ശതമാനം ഇടിവ് നേരിട്ട കോയമ്പത്തൂര്‍, 12.52 ശതമാനം വളര്‍ച്ച കൈവരിച്ച് രാജ്യത്തെ തൊഴില്‍ വിപണിയില്‍ ഒന്നാമതെത്തുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് പാലക്കാട്, തൃശൂര്‍ തുടങ്ങിയ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയൊരു തൊഴില്‍ അവസരമാണ് തുറന്നുനല്‍കുന്നത്. പ്രധാന മെട്രോ നഗരങ്ങളോട് കിടപിടിച്ച് കൊച്ചിയും മുന്നേറുകയാണ്. 2026 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം, തൊഴിലവസരങ്ങള്‍ വേഗത്തില്‍ വര്‍ധിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ കൊച്ചി നാലാം സ്ഥാനത്താണ്. ഹൈദരാബാദ് (8.51%), ബംഗളൂരു (6.71%), മുംബൈ (6.15%) എന്നിവയ്ക്ക് പിന്നാലെ 5.57 ശതമാനം വളര്‍ച്ചയാണ് കൊച്ചി രേഖപ്പെടുത്തിയത്.

വൻകിട നഗരങ്ങളിൽ നിന്ന് ടയർ-2 നഗരങ്ങളിലേക്ക്

2026-ല്‍ ഡല്‍ഹി-എന്‍.സി.ആര്‍ (3.40%), കൊല്‍ക്കത്ത (10.03%), ചണ്ഡീഗഡ് (11.19%) തുടങ്ങിയ നഗരങ്ങളില്‍ നിയമനങ്ങള്‍ കുറഞ്ഞപ്പോഴും കൊച്ചി മികച്ച രീതിയില്‍ പിടിച്ചുനിന്നു. 2027-ല്‍ കോയമ്പത്തൂരിന് തൊട്ടുപിന്നാലെ ബംഗളൂരു (11.29%), ഹൈദരാബാദ് (10.33%) എന്നീ നഗരങ്ങളാണ് മുന്നിലുള്ളത്. വന്‍കിട മെട്രോ നഗരങ്ങളില്‍ നിന്ന് കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തനം ടയര്‍-2 നഗരങ്ങളിലേക്ക് വിപുലീകരിക്കുന്നു എന്നതിന്റെ തെളിവാണിത്.

ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ വരുന്നത് ഏതെല്ലാം മേഖലകളില്‍?

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് മേഖലയില്‍ 14.25 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. സംഘടിത റീട്ടെയില്‍ ശൃംഖലകളുടെ വികസനം കേരളത്തിലടക്കം വലിയ നിയമനങ്ങള്‍ക്ക് വഴിയൊരുക്കും (13.99%). മാനുഫാക്ചറിങ് അഥവാ നിര്‍മ്മാണ മേഖലയില്‍ 12.02 ശതമാനം വളര്‍ച്ചയോടെ ഓപ്പറേഷന്‍സ്, ക്വാളിറ്റി, സപ്ലൈ ചെയിന്‍, സെയില്‍സ് തുടങ്ങിയ തസ്തികകളില്‍ വലിയ ഡിമാന്‍ഡ് ഉണ്ടാകും. കൂടാതെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് 13 ശതമാനവും ഹെല്‍ത്ത് കെയര്‍, ഫാര്‍മ മേഖലകളില്‍ 11 ശതമാനവും വളര്‍ച്ച പ്രവചിക്കപ്പെടുന്നു. 2026-ല്‍ പിന്നോട്ടുപോയ ബാങ്കിങ്, ധനകാര്യം, ഇന്‍ഷുറന്‍സ് (BFSI – 10.03%), ലോജിസ്റ്റിക്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ (10.15%) മേഖലകള്‍ 2027-ല്‍ കരുത്തോടെ തിരിച്ചുവരും.

ഐ.ടി മേഖലയും പുത്തന്‍ തൊഴില്‍ നൈപുണ്യങ്ങളും

പരമ്പരാഗത സോഫ്റ്റ്വെയര്‍ സേവന കമ്പനികളില്‍ 2026-ല്‍ നിയമനങ്ങള്‍ കുറഞ്ഞെങ്കിലും, രാജ്യത്തെ മൊത്തത്തിലുള്ള ടെക് തസ്തികകളില്‍ 20.28 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ബാങ്കുകള്‍, റീട്ടെയില്‍ സ്ഥാപനങ്ങള്‍, നിര്‍മ്മാണ കമ്പനികള്‍ എന്നിവ വന്‍തോതില്‍ ടെക് വിദഗ്ധരെ തേടുന്നത് ഇതിന് കാരണമായി. തസ്തികകളുടെ അടിസ്ഥാനത്തില്‍ 2027-ലും ഐ.ടി ജോലികള്‍ക്കായിരിക്കും ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് (10.30%). തുടര്‍ന്ന് എച്ച്.ആര്‍ ആന്‍ഡ് അഡ്മിന്‍ (8.93%), സീനിയര്‍ മാനേജ്മെന്റ് (8.56%) വിഭാഗങ്ങളുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), ക്ലൗഡ് കമ്പ്യൂട്ടിങ്, ഡാറ്റ അനലിറ്റിക്സ് എന്നിവയ്ക്കൊപ്പം റിസ്‌ക്, കംപ്ലയന്‍സ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ പ്രത്യേക നൈപുണ്യങ്ങള്‍ക്കും 12 ശതമാനം അധിക ഡിമാന്‍ഡ് ലഭിക്കും.

തുടക്കക്കാര്‍ക്കും പരിചയസമ്പന്നര്‍ക്കും അവസരങ്ങളുടെ കാലം

0 മുതല്‍ 3 വര്‍ഷം വരെ പ്രവൃത്തിപരിചയമുള്ള ഫ്രഷേഴ്സിന്റെ നിയമന വളര്‍ച്ച 2026-ല്‍ 0.69 ശതമാനമായിരുന്നുവെങ്കില്‍, 2027-ല്‍ ഇത് 4.64 ശതമാനമായി ഉയരുമെന്ന് ഫൗണ്ട്ഇറ്റ് സി.ഇ.ഒ തരുണ്‍ സിന്‍ഹ അഭിപ്രായപ്പെടുന്നു. 7 മുതല്‍ 10 വര്‍ഷം വരെ പരിചയമുള്ളവര്‍ക്കാണ് കമ്പനികള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്; മൊത്തം നിയമനങ്ങളുടെ 21 ശതമാനവും (7.51% വളര്‍ച്ച) ഈ വിഭാഗത്തിലായിരിക്കും. വെറുതെ ജീവനക്കാരുടെ എണ്ണം കൂട്ടുന്നതിന് പകരം, ഉല്‍പ്പാദനക്ഷമതയും മികച്ച ബിസിനസ് ഫലങ്ങളും ഉറപ്പാക്കുന്ന തസ്തികകളില്‍ 15 മുതല്‍ 20 ശതമാനം വരെ നിയമന വര്‍ധനവുണ്ടാകും. പുതിയ ഒഴിവുകളില്‍ 20 മുതല്‍ 30 ശതമാനം വരെ നിലവിലുള്ള ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി നികത്താനാണ് കമ്പനികളുടെ നീക്കം.

ഇടിവ് നേരിടാന്‍ സാധ്യതയുള്ള മേഖലകള്‍

ഷിപ്പിങ് ആന്‍ഡ് മാരിടൈം മേഖലയില്‍ 11 ശതമാനവും, കാര്‍ഷിക മേഖലയില്‍ 6 ശതമാനവും, ഇറക്കുമതി-കയറ്റുമതി രംഗത്ത് 4 ശതമാനവും നിയമന ഇടിവ് ഉണ്ടായേക്കാം. 2026-ല്‍ മികച്ച വളര്‍ച്ച നേടിയ ടൂറിസം മേഖലയില്‍ 2027-ല്‍ ഏകദേശം 3.7 ശതമാനത്തിന്റെ നേരിയ കുറവ് ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

Read News

Back to top button