ഏഷ്യ പവര്‍ ഇന്‍ഡക്സ് 2026: ജപ്പാനെയും റഷ്യയെയും മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത്

ഓസ്ട്രേലിയയിലെ ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2026-ലെ ഏഷ്യ പവര്‍ ഇന്‍ഡക്സിൽ (Asia Power Index 2026) 40.5 പോയിന്റുകൾ കരസ്ഥമാക്കി ഇന്ത്യ ഏഷ്യയിലെ മൂന്നാമത്തെ വലിയ ശക്തിയായി ഉയർന്നു. ജപ്പാനെയും റഷ്യയെയും പിന്തള്ളിക്കൊണ്ടാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ഏഷ്യ-പസഫിക് മേഖലയിലെ 27 രാജ്യങ്ങളെ വിശകലനം ചെയ്തുള്ള പട്ടികയിൽ, അമേരിക്കയ്ക്കും (78.9) ചൈനയ്ക്കും (73.6) തൊട്ടുപിന്നിലായി ‘മേജർ പവർ’ പദവി (40 പോയിന്റിന് മുകളിൽ) സ്വന്തമാക്കിയ ഒരേയൊരു രാജ്യം ഇന്ത്യയാണ്. ആഗോള രാഷ്ട്രീയ വേദിയിൽ ഇന്ത്യയുടെ സ്വാധീനം വർധിച്ചുവരുന്നു എന്നതിലേക്കാണ് ഈ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്. 2018-ൽ ഈ സൂചിക ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ ഇത്തവണ കാഴ്ചവെച്ചത്. കൂടാതെ, മേഖലയിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമതെത്തി.
ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോർട്ടിലെ മുഖ്യ കണ്ടെത്തലുകൾ
ഏഷ്യ-പസഫിക് മേഖലയിലെ വിവിധ രാജ്യങ്ങളുടെ സ്വാധീനവും കരുത്തും കണക്കാക്കുന്ന സൂചികയിൽ കഴിഞ്ഞ തവണത്തേക്കാൾ 0.5 പോയിന്റ് വർധനവോടെയാണ് ഇന്ത്യ 40.5 പോയിന്റിലെത്തിയത്. 40 പോയിന്റിൽ കൂടുതൽ നേടുന്ന രാജ്യങ്ങളെയാണ് ലോവി ഇൻസ്റ്റിറ്റ്യൂട്ട് വൻശക്തികളായി പരിഗണിക്കുന്നത്. പട്ടികയിൽ 78.9 പോയിന്റുമായി അമേരിക്ക ഒന്നാമതും 73.6 പോയിന്റുമായി ചൈന രണ്ടാമതുമുണ്ട്. ഇന്ത്യയ്ക്ക് പിന്നാലെ ജപ്പാൻ (38.6 പോയിന്റ്) നാലാമതും റഷ്യ (32.2 പോയിന്റ്) അഞ്ചാമതുമായി സ്ഥാനം പിടിച്ചു. പ്രാദേശിക നേതാക്കളുടെ സ്വാധീനത്തിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തെത്തി.
റാങ്കിംഗ് നിശ്ചയിക്കുന്ന രീതി
27 രാജ്യങ്ങളെ 131 വ്യത്യസ്ത സൂചകങ്ങളുടെ അടിസ്ഥാനത്തിൽ എട്ട് പ്രധാന വിഭാഗങ്ങളായി തിരിച്ചാണ് വിലയിരുത്തൽ നടത്തുന്നത്. രാജ്യത്തിന്റെ വിഭവശേഷി (സാമ്പത്തിക ശേഷി, സൈനിക ശേഷി, പ്രതിസന്ധികളെ നേരിടാനുള്ള ശേഷി, ഭാവി വിഭവങ്ങൾ), അന്താരാഷ്ട്ര സ്വാധീനം (സാമ്പത്തിക ബന്ധങ്ങൾ, പ്രതിരോധ ശൃംഖലകൾ, നയതന്ത്ര സ്വാധീനം, സാംസ്കാരിക സ്വാധീനം) എന്നിവയാണ് പ്രധാന മാനദണ്ഡങ്ങൾ.
ജപ്പാനെയും റഷ്യയെയും ഇന്ത്യ മറികടന്നത് എങ്ങനെ?
സാമ്പത്തിക ശേഷിയിൽ ചെറിയ ഇടിവുണ്ടായെങ്കിലും, സാംസ്കാരികവും നയതന്ത്രപരവും പ്രതിരോധപരവുമായ മേഖലകളിൽ പുലർത്തിയ സ്ഥിരതയാർന്ന വളർച്ചയാണ് ഇന്ത്യയ്ക്ക് തുണയായത്. ജപ്പാനെക്കാൾ 1.9 പോയിന്റും റഷ്യയെക്കാൾ 8.3 പോയിന്റും ഇന്ത്യ മുന്നിലെത്തി.
മൂന്ന് രാജ്യങ്ങളുടെയും കരുത്ത്
ജപ്പാൻ മൊത്തം സ്കോറിൽ ഇന്ത്യയ്ക്ക് പിന്നിലാണെങ്കിലും, ലഭ്യമായ പരിമിതമായ വിഭവങ്ങളെ അന്താരാഷ്ട്ര സ്വാധീനമാക്കി മാറ്റുന്നതിൽ (Power Yield +10.9) ഏറെ മുന്നിലാണ്. സൈനിക ശേഷിയിൽ റഷ്യ (55.8) ഇന്ത്യയെക്കാൾ (48.5) മുന്നിലാണെങ്കിലും, ഉക്രെയ്ൻ യുദ്ധം മൂലമുണ്ടായ സാമ്പത്തിക-സൈനിക സമ്മർദ്ദങ്ങൾ റഷ്യയുടെ പവർ യീൽഡിനെ -6.6 ആക്കി ചുരുക്കി. ഇതാണ് അവരെ അഞ്ചാം സ്ഥാനത്തേക്ക് തള്ളിയത്.
ഇന്ത്യയുടെ കരുത്തായ 5 മേഖലകൾ:
- സാംസ്കാരിക സ്വാധീനം: ഇന്ത്യ വലിയ കുതിച്ചുചാട്ടം നടത്തിയ മേഖലയാണിത് (43.8 പോയിന്റ്).
- പ്രതിരോധ ശൃംഖലകൾ: 2.1 പോയിന്റ് ഉയർന്ന് 18.6-ൽ എത്തിയ ഇന്ത്യ ഈ വിഭാഗത്തിൽ 9-ാം സ്ഥാനത്തെത്തി. ബ്രഹ്മോസ് മിസൈൽ കയറ്റുമതിയും പ്രാദേശിക സഹകരണവും ഇതിൽ പ്രധാന പങ്കുവഹിച്ചു.
- നയതന്ത്ര സ്വാധീനം: 70.3 പോയിന്റോടെ ഇന്ത്യയുടെ ഏറ്റവും മികച്ച മേഖലയാണിത്.
- ഭാവി വിഭവങ്ങൾ: യുവജനസംഖ്യയും തൊഴിൽ ശേഷിയും പരിഗണിച്ച് 56.2 പോയിന്റോടെ ഇന്ത്യ മൂന്നാം സ്ഥാനം നിലനിർത്തി.
- സാമ്പത്തിക ബന്ധങ്ങൾ: രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 19.9 പോയിന്റോടെ ഏഴാം സ്ഥാനത്തെത്തി.
ഇന്ത്യ ചൈനയെ മറികടക്കുമോ?
ചൈനയും ഇന്ത്യയും തമ്മിലുള്ള പോയിന്റ് വ്യത്യാസം 2018-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ് (33.1). എങ്കിലും ചൈനയെ സമീപഭാവിയിൽ മറികടക്കുക എന്നത് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ്. ചൈനയുടെ മൊത്തത്തിലുള്ള ശക്തി ഇന്ത്യയേക്കാൾ ഏകദേശം 80 ശതമാനം കൂടുതലാണ്. സൈനിക ശേഷിയിൽ ചൈനയ്ക്ക് 72.1 പോയിന്റുള്ളപ്പോൾ ഇന്ത്യയ്ക്ക് 48.5 പോയിന്റാണുള്ളത്. കൂടാതെ, ചൈനയുടെ പവർ യീൽഡ് പോസിറ്റീവായിരിക്കുമ്പോൾ (+0.2) ഇന്ത്യയുടേത് -3.3 ആയി തുടരുന്നു.




