ഹൈവേ പാലം പൊളിക്കൽ: ദുരിതത്തിലായി നാട്ടുകാർ, പ്രതിഷേധം ശക്തം

പാറശാല ∙ റെയിൽപ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പാറശാല– വെള്ളറട മലയോര ഹൈവേയിലെ പ്രധാന പാലം പൊളിച്ചുനീക്കാനുള്ള റെയിൽവേയുടെ തീരുമാനം പ്രദേശവാസികളിൽ വലിയ ആശങ്ക പരത്തുന്നു. പാലം പൊളിക്കുന്നതിന് മുൻപായി കാൽനടയാത്രക്കാർക്ക് പോലും കടന്നുപോകാൻ ആവശ്യമായ ബദൽ സംവിധാനങ്ങൾ ഒരുക്കാത്തതാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്.
തിരുവനന്തപുരം– കന്യാകുമാരി റെയിൽവേ വികസന പദ്ധതിയുടെ ഭാഗമായി പാറശാല ബ്ലോക്ക് ഓഫീസിന് സമീപത്തുള്ള പാലമാണ് പൊളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള ടെൻഡർ നടപടികൾ ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. പാറശാല പോസ്റ്റ് ഓഫീസ് ജംക്ഷനിൽ നിന്ന് വെറും അര കിലോമീറ്റർ മാത്രം അകലെയുള്ള ഈ പാലം, പളുകൽ, കാരക്കോണം, വെള്ളറട, വാഴിച്ചൽ തുടങ്ങിയ മേഖലകളിലേക്ക് പോകുന്ന മലയോര ഹൈവേയുടെ പ്രധാന കണ്ണിയാണ്.
പാലം പൊളിക്കുന്നതോടെ കേരള, തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകൾ ഉൾപ്പെടെയുള്ള ഗതാഗതം പവതിയാൻവിള–പണ്ടാരക്കോണം, പളുകൽ വഴികളിലേക്ക് തിരിച്ചുവിടാനാണ് അധികൃതരുടെ ആലോചന. എന്നാൽ, ബ്ലോക്ക് ഓഫീസ് ജംക്ഷനും പളുകലിനും ഇടയിലുള്ള പുത്തൻകട, കരുമാനൂർ, നെടുവാൻവിള, കൊടവിളാകം, മുളളുവിള, മുര്യങ്കര തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ ഇതുമൂലം വലിയ പ്രതിസന്ധിയിലാകും. ഇവർക്ക് പാറശാല ജംക്ഷനിലെത്താൻ ഇനി കിലോമീറ്ററുകളോളം അധികദൂരം സഞ്ചരിക്കേണ്ടി വരും.
റെയിൽവേ പാതയുടെ നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് പാലം പൊളിച്ചുനീക്കാനാണ് നീക്കം. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് നാട്ടുകാർ. പാലത്തിന് സമീപം ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. പകരം സൗകര്യങ്ങൾ ഒരുക്കാതെ പാലം പൊളിക്കാൻ അനുവദിക്കില്ലെന്ന് സമരസമിതി നേതാവ് എ.ടി. സ്റ്റീഫൻ വ്യക്തമാക്കി.




