HEALTH

മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന 6 പ്രധാന വിറ്റാമിനുകൾ

തണുപ്പുകാലം എത്തുന്നതോടെ മുടികൊഴിച്ചിൽ വർധിക്കുന്നതായി പലരും ആശങ്കപ്പെടാറുണ്ട്. മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒട്ടനവധി ഘടകങ്ങളുണ്ടെങ്കിലും, ശരീരത്തിനാവശ്യമായ പോഷകങ്ങളുടെ അഭാവം ഇതിൽ പ്രധാനമാണ്. ബയോട്ടിൻ, കെരാറ്റിൻ, സിങ്ക് എന്നിവ മാത്രമല്ല മുടിയുടെ കരുത്തിനും വളർച്ചയ്ക്കും അനിവാര്യമായ മറ്റ് പല വിറ്റാമിനുകളുമുണ്ട്. മുടിവേരുകൾക്ക് ബലം നൽകാനും മുടിയുടെ സ്വാഭാവികമായ ആരോഗ്യവും തിളക്കവും കട്ടിയും നിലനിർത്താനും ഈ പോഷകങ്ങൾ സഹായിക്കുന്നു. ഭക്ഷണക്രമത്തിലൂടെ ഈ വിറ്റാമിനുകൾ ലഭ്യമാക്കുന്നതാണ് ഏറ്റവും ഉചിതം. എങ്കിലും, ഭക്ഷണത്തിൽനിന്ന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാത്ത അവസ്ഥയിൽ വിദഗ്ധരായ ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രം സപ്ലിമെന്റുകളെ ആശ്രയിക്കാവുന്നതാണ്. മുടിക്ക് അത്യന്താപേക്ഷിതമായ ആറ് പ്രധാന വിറ്റാമിനുകളും അവ അടങ്ങിയ ഭക്ഷണങ്ങളും താഴെ വിവരിക്കുന്നു.

1. വിറ്റാമിൻ എ: തലയോട്ടിയുടെയും മുടിയുടെയും ആരോഗ്യത്തിന് വിറ്റാമിൻ എ വളരെ അനിവാര്യമാണ്. ശിരോചർമത്തിൽ ആവശ്യമായ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന സെബം എന്ന എണ്ണമയത്തിന്റെ ഉൽപാദനത്തിൽ ഈ വിറ്റാമിൻ നിർണായക പങ്ക് വഹിക്കുന്നു. ഇതിന്റെ കുറവ് തലയോട്ടി വരളുന്നതിനും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ തകരാറിലാക്കുന്നതിനും ഇടയാക്കും. ഉറവിടങ്ങൾ: കാരറ്റ്, മത്തങ്ങ, ബ്രൊക്കോളി, കാബേജ് തുടങ്ങിയവ.

2. ബി വിറ്റാമിനുകൾ: മുടിയുടെ വളർച്ചയിലും സംരക്ഷണത്തിലും ബി വിറ്റാമിനുകൾക്ക് വലിയ പങ്കുണ്ട്. ഇതിൽ ബി7 അഥവാ ബയോട്ടിൻ ഏറെ പ്രശസ്തമാണ്. ശരീരത്തിലെ പ്രോട്ടീൻ ഉപാപചയ പ്രവർത്തനങ്ങളിൽ പങ്കുവഹിക്കുന്ന ബയോട്ടിൻ മുടിയുടെ ഘടന നിലനിർത്താൻ സഹായിക്കുന്നു. ബി1 ഊർജോൽപാദനത്തിനും, ബി3 അഥവാ നിയാസിൻ കോശങ്ങളുടെ മികച്ച പ്രവർത്തനത്തിനും ബി2 മുടിയുടെ സ്വാഭാവിക ആരോഗ്യം കാത്തുസൂക്ഷിക്കാനും സഹായിക്കുന്നു. കൂടാതെ, ചുവന്ന രക്താണുക്കളുടെ നിർമാണത്തിനും ഓക്സിജൻ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുന്നതിനും ബി12 അത്യന്താപേക്ഷിതമാണ്. ബി5, ബി6 എന്നിവയും ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. ഉറവിടങ്ങൾ: മുട്ട, മാംസവിഭവങ്ങൾ, മത്സ്യം, പാൽ, ധാന്യവർഗങ്ങൾ, ഇലക്കറികൾ, പയർവർഗങ്ങൾ.

3. വിറ്റാമിൻ സി: മികച്ചൊരു ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി മുടിക്ക് ഏറെ ഗുണകരമാണ്. ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദം കാരണം കോശങ്ങൾക്കുണ്ടാകുന്ന നാശത്തെ തടയാൻ ഇത് സഹായിക്കുന്നു. മുടിയുടെ ഘടനയ്ക്ക് അത്യാവശ്യമായ കൊളാജൻ ഉൽപാദിപ്പിക്കുന്നതിനും ഇരുമ്പിനെ ആഗിരണം ചെയ്യുന്നതിനും വിറ്റാമിൻ സി സഹായിക്കുന്നു. ഇരുമ്പിന്റെ കുറവ് മുടികൊഴിച്ചിലിന് നേരിട്ട് കാരണമാകാം. ഉറവിടങ്ങൾ: നെല്ലിക്ക, ഓറഞ്ച്, നാരങ്ങ, സ്‌ട്രോബെറി, കിവി, കാപ്‌സിക്കം, ബ്രൊക്കോളി എന്നിവ.

4. വിറ്റാമിൻ ഡി: മുടിയുടെ സ്വാഭാവിക വളർച്ചാ ക്രമത്തിൽ വിറ്റാമിൻ ഡിയുടെ പങ്ക് വലുതാണ്. ഈ വിറ്റാമിന്റെ കുറവ് പലതരം മുടികൊഴിച്ചിലുകളുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മുടിവേരുകളുടെ കരുത്തിനും പുതിയ മുടിയിഴകൾ കിളിർക്കാനും ഇത് അത്യാവശ്യമാണ്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ശരീരത്തിൽ വിറ്റാമിൻ ഡി ഉൽപാദിപ്പിക്കാൻ സഹായിക്കും. ഉറവിടങ്ങൾ: മത്തി, സാൽമൺ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ, മുട്ടയുടെ മഞ്ഞക്കരു, വിറ്റാമിൻ ഡി ചേർത്ത പാൽ, ചില പ്രത്യേക ഇനം കൂണുകൾ എന്നിവ.

Cinema ⏭️

Back to top button