NEWS

ഒമാൻ മുട്ട ഇറക്കുമതി നിരോധിച്ചു: നാമക്കലിൽ കെട്ടിക്കിടക്കുന്നത് 6 കോടി മുട്ടകൾ

ഈറോഡ് ∙ കടലൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള മുട്ടകളുടെ ഇറക്കുമതിക്ക് ഒമാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതോടെ നാമക്കൽ മേഖലയിൽ നിന്ന് വിദേശത്തേക്ക് അയക്കാൻ ലക്ഷ്യമിട്ടിരുന്ന ആറു കോടി മുട്ടകൾ കയറ്റുമതി ചെയ്യാനാവാതെ കെട്ടിക്കിടക്കുകയാണ്.

നാമക്കൽ, സേലം, ഈറോഡ്, പെരുന്തുറൈ, കോയമ്പത്തൂർ എന്നീ ജില്ലകളിലായി ആയിരത്തിലധികം കോഴിഫാമുകളാണ് പ്രവർത്തിക്കുന്നത്. ദിനംപ്രതി പത്ത് കോടിയോളം മുട്ടകളാണ് ഈ കേന്ദ്രങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്നത്. തമിഴ്നാട് സർക്കാരിന്റെ സൗജന്യ ഭക്ഷണ വിതരണ പദ്ധതികൾക്കും വിദേശത്തേക്കുള്ള കയറ്റുമതിക്കുമായാണ് പ്രധാനമായും ഇവ ഉപയോഗിക്കുന്നത്.

കേരളം, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലേക്കും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലേക്കും മുട്ട വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്. ഇറാൻ, തായ്‌ലൻഡ്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്ന് പ്രധാനമായും മുട്ട കയറ്റി അയക്കുന്നത്. ഇതിൽ തൊണ്ണൂറു ശതമാനവും നാമക്കലിൽ നിന്നാണ് പുറപ്പെടുന്നത്. അതിൽ പകുതിയും ഒമാനിലേക്കാണ് അയക്കാറുള്ളത്. ഇന്ത്യൻ മുട്ടകൾക്ക് ഒമാൻ ഇറക്കുമതി വിലക്ക് പ്രഖ്യാപിച്ചതോടെ കോഴിഫാം ഉടമകളും കയറ്റുമതിക്കാരും കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും നഷ്ടത്തിലേക്കും നീങ്ങുകയാണ്.

Fashion ⏭️

Back to top button