NEWS

കാലടി സർവകലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി; പ്രത്യേക പരീക്ഷയ്ക്ക് ഉത്തരവ്

കൊച്ചി ∙ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷൻ നടപടി നേരിട്ട വിദ്യാർഥികൾക്ക് ക്യാംപസിൽ പ്രവേശിക്കാനും, അവർക്കായി പ്രത്യേകം പരീക്ഷകൾ ക്രമീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. മറ്റ് വിദ്യാർഥികൾക്കൊപ്പം തന്നെ റഗുലർ ക്ലാസുകളിൽ ഇരിക്കാനും ഇവർക്ക് അനുമതി നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്കെതിരായ സർവകലാശാലയുടെ അന്വേഷണ റിപ്പോർട്ടും തുടർന്നുണ്ടായ സസ്പെൻഷൻ നടപടികളും കോടതി റദ്ദാക്കി. അതേസമയം, ആവശ്യമാണെന്ന് തോന്നുകയാണെങ്കിൽ സർവകലാശാലയ്ക്ക് പുതിയ രീതിയിൽ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. എന്നാൽ, അന്വേഷണ കാലയളവിൽ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യേണ്ടതില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ അസന്ദിഗ്ധമായി അറിയിച്ചു. സർവകലാശാലയുടെ സസ്പെൻഷൻ നടപടികളെ ചോദ്യം ചെയ്തുകൊണ്ട് കാലടി സർവകലാശാലയിലെ 16 വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന വിധി.

Fashion ⏭️

Back to top button