അസ്ഹറുദ്ദീൻ, രോഹൻ അർധസെഞ്ചുറി; നിധീഷിന്റെ നാല് വിക്കറ്റ് പ്രകടനം: കേരളത്തിന് തകർപ്പൻ വിജയം

ന്യൂ ചണ്ഡിഗഡ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിൽ പുതുച്ചേരിയെ 18 റൺസിന് പരാജയപ്പെടുത്തി കേരളം മികച്ച ജയം സ്വന്തമാക്കി. കേരളം മുന്നോട്ടുവെച്ച 205 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പുതുച്ചേരിക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനേ സാധിച്ചുള്ളൂ. കേരളത്തിന്റെ ഈ വിജയത്തിൽ ബാറ്റിങ്ങിൽ തിളങ്ങിയ മുഹമ്മദ് അസ്ഹറുദ്ദീൻ (48 പന്തിൽ 78), രോഹൻ കുന്നുമ്മൽ (35 പന്തിൽ 59) എന്നിവരും ബോളിങ്ങിൽ നാല് വിക്കറ്റുകൾ വീഴ്ത്തി പുതുച്ചേരിയുടെ നട്ടെല്ലൊടിച്ച എം.ഡി.നിധീഷും നിർണായക പങ്കുവഹിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പുതുച്ചേരിക്ക് വേണ്ടി പ്രസാദ് പവാറും (41 പന്തിൽ 67) അങ്കിത് ശർമയും (29 പന്തിൽ 45) പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. ആറാം വിക്കറ്റിൽ ഇവർ പടുത്തുയർത്തിയ 73 റൺസിന്റെ കൂട്ടുകെട്ട് കേരളത്തിന് ചെറിയൊരു ആശങ്ക സമ്മാനിച്ചെങ്കിലും, 15-ാം ഓവറിൽ പ്രസാദിനെ പുറത്താക്കി കാർത്തിക് ബി.നായർ മത്സരത്തിൽ കേരളത്തിന് മുൻതൂക്കം തിരിച്ചുനൽകി. തുടർന്ന് അങ്കിത് ശർമയെ കെ.എം.ആസിഫും പുറത്താക്കി. സാഗർ ത്രിവേദി 34 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് വേണ്ടി അസ്ഹറുദ്ദീനും രോഹനും തകർപ്പൻ തുടക്കമാണ് നൽകിയത്. മൂന്നാമനായി ക്രീസിലെത്തിയ വിഷ്ണു വിനോദും (19 പന്തിൽ 34) ഇവർക്ക് മികച്ച പിന്തുണ നൽകി. ഒരു സിക്സും നാല് ഫോറുമടങ്ങിയ വിഷ്ണുവിന്റെ ഇന്നിങ്സ് ടീമിന് കരുത്തായി. രണ്ടാം വിക്കറ്റിൽ ഇവർ 56 റൺസ് അടിച്ചുകൂട്ടി. 17-ാം ഓവറിൽ അസ്ഹറുദ്ദീൻ മടങ്ങിയതിന് പിന്നാലെയാണ് നായകൻ സഞ്ജു സാംസൺ ബാറ്റേന്തിയത്. രണ്ട് സിക്സറുകൾ പായിച്ച് തൻ്റെ സാന്നിധ്യമറിയിച്ചെങ്കിലും, സഞ്ജുവിന് (12 പന്തിൽ 17) നീണ്ട ഇന്നിങ്സ് കാഴ്ചവെക്കാനായില്ല. സഞ്ജുവും വിഷ്ണുവും പുറത്തായ ശേഷം സൽമാൻ നിസാറും അബ്ദുൽ ബാസിതും ചേർന്ന് സ്കോർ 200 കടത്തുകയായിരുന്നു.




