HEALTH

ക്ലാസിലെ കുട്ടികളിൽനിന്നാണ് ഈ ക്രീമിനെക്കുറിച്ച് അറിഞ്ഞത്: അനുഭവങ്ങൾ പങ്കുവെച്ച് വിദ്യാർത്ഥിനി

മലപ്പുറം: സഹപാഠികൾ ഉപയോഗിക്കുന്നത് കണ്ടാണ് മെർക്കുറി കലർന്ന ഫെയർനെസ് ക്രീമിനെക്കുറിച്ച് താൻ അറിയുന്നതെന്ന്, ഇതേ ക്രീം ഉപയോഗിച്ച് വൃക്കരോഗം ബാധിച്ച പെൺകുട്ടി വെളിപ്പെടുത്തുന്നു. ‘എഫ് ട്യൂൺ’ എന്ന ബ്രാൻഡിലുള്ള ക്രീമാണ് താൻ ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇതേ ഉൽപന്നം വ്യത്യസ്ത നാമധേയങ്ങളിൽ വിപണിയിലുണ്ടെന്നും മിക്കവയിലും മെർക്കുറി ഉൾപ്പെടെയുള്ള മാരകമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉപയോഗത്തിന്റെ തുടക്കത്തിൽ കാര്യമായ പ്രത്യാഘാതങ്ങൾ തോന്നിയിരുന്നില്ലെങ്കിലും, പിന്നീട് കാലുകളിൽ നീര് കണ്ടതിനെത്തുടർന്ന് നടത്തിയ മൂത്രപരിശോധനയിലാണ് ആൽബുമിൻ അമിതമായി നഷ്ടപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഇതിലൂടെയാണ് രോഗാവസ്ഥ തിരിച്ചറിഞ്ഞതെന്ന് പെൺകുട്ടി മാധ്യമങ്ങളോട് വിശദീകരിച്ചു.

ദുബായിൽ നിർമിക്കുന്നു എന്ന വ്യാജേനെ പാക്കറ്റിൽ രേഖപ്പെടുത്തിയതല്ലാതെ, യഥാർത്ഥ നിർമാതാക്കളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ അതിൽ ഉണ്ടായിരുന്നില്ല. മഞ്ഞൾ പോലുള്ള പ്രകൃതിദത്ത ചേരുവകൾ അടങ്ങിയിട്ടുണ്ടെന്നായിരുന്നു പരസ്യത്തിലെ വാഗ്ദാനം. എന്നാൽ, ഇതിൽ മെർക്കുറി ഉണ്ടെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഉപയോഗിക്കില്ലായിരുന്നുവെന്നും വിദ്യാർഥിനി കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ വീഡിയോകൾ കണ്ടാണ് താൻ ഇതിലേക്ക് ആകർഷിക്കപ്പെട്ടത്. ഇവരുടെ കസ്റ്റമർ കെയർ വിഭാഗത്തിൽനിന്ന് മലയാളത്തിൽ തന്നെ വിളിക്കാറുണ്ടായിരുന്നു. താനടക്കം ക്രീം ഉപയോഗിച്ച പല കുട്ടികൾക്കും കടുത്ത ശാരീരിക ക്ഷീണം അനുഭവപ്പെടുന്നുണ്ടെന്നും, നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനമെന്നും പെൺകുട്ടി വ്യക്തമാക്കി.

സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓൺലൈൻ വഴി വാങ്ങിയ സൗന്ദര്യവർധക ക്രീം ഒരു വർഷത്തോളം ഉപയോഗിച്ചതിന് ശേഷമാണ് കുട്ടിയുടെ ആരോഗ്യനില വഷളായത്. വൈദ്യപരിശോധനയിൽ ശരീരത്തിൽ മെർക്കുറിയുടെ സാന്നിധ്യം അപകടകരമായ തോതിൽ കണ്ടെത്തിയിരുന്നു. ലബോറട്ടറി പരിശോധനയിലും ക്രീമിൽ അനുവദനീയമായതിലുമധികം മെർക്കുറി ഉണ്ടെന്ന് സ്ഥിരീകരിക്കുകയുണ്ടായി. ഈ വിഷയത്തിൽ അടിയന്തര വിശദീകരണം നൽകാൻ ആരോഗ്യവകുപ്പ് ഡയറക്ടർ, സംസ്ഥാന പൊലീസ് മേധാവി, ഡ്രഗ്‌സ് കൺട്രോളർ, കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, ചികിത്സ നൽകിയ ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് കമീഷൻ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഇത്തരം മുഖകാന്തി വർധിപ്പിക്കുന്ന ക്രീമുകൾ വിപണിയിൽ സുലഭമാകുന്നത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന വിമർശനം വ്യാപകമാണ്. മെർക്കുറി പോലുള്ള വിഷലോഹങ്ങളും വീര്യമേറിയ സ്റ്റിറോയിഡുകളും ഇവയിൽ അടങ്ങിയിട്ടുണ്ടെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. കേന്ദ്ര ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ മെർക്കുറിയും ലെഡും അധികമായി കണ്ടെത്തിയിട്ടും, ഇവയുടെ വിൽപന തടയുന്നതിൽ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം മൗനം പാലിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.

ചർമരോഗങ്ങൾ ഭേദമാക്കുമെന്ന് അവകാശപ്പെട്ട് വ്യാജ പരസ്യങ്ങൾ നൽകുന്നത് കോസ്മെറ്റിക്സ് നിയമപ്രകാരം നിയമവിരുദ്ധമാണ്. എന്നിട്ടും ഇത്തരം ഉൽപന്നങ്ങൾ തടസ്സമില്ലാതെ വിപണി കൈയടക്കുന്നു. ചർമത്തിലൂടെ രക്തത്തിൽ കലരുന്ന മെർക്കുറി വൃക്കകളെയും നാഡീവ്യവസ്ഥയെയും തകിടം മറിക്കുന്നു. വിറയൽ, ഓർമക്കുറവ്, അതികഠിനമായ തളർച്ച എന്നിവയാണ് ഇതിന്റെ പ്രാഥമിക ലക്ഷണങ്ങൾ. ക്രീമുകളിലെ സ്റ്റിറോയിഡുകൾ ചർമത്തിന് കട്ടി കുറയ്ക്കുകയും രക്തക്കുഴലുകൾ പുറത്തേക്ക് തെളിഞ്ഞുകാണാൻ കാരണമാവുകയും ചെയ്യുന്നു. മുഖക്കുരു, ചുവപ്പ്, ചൊറിച്ചിൽ, അമിത രോമവളർച്ച എന്നിവയ്ക്ക് പുറമെ, ദീർഘകാല ഉപയോഗം ചർമത്തിൽ കറുത്ത പാടുകൾ സ്ഥിരമായി അവശേഷിപ്പിക്കാനും ഇടയാക്കും. ചർമത്തിന്റെ സ്വാഭാവിക സംരക്ഷണ പാളി നഷ്ടപ്പെടുന്നതോടെ വെയിലേൽക്കുമ്പോൾ പൊള്ളലേൽക്കാനും മറ്റ് രോഗങ്ങൾക്കും സാധ്യതയേറുന്നു. മെലാനിൻ ഉൽപാദനം തടഞ്ഞ് നിറം വെളുപ്പിക്കാൻ ഉപയോഗിക്കുന്ന മെർക്കുറി മനുഷ്യന്റെ ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Life Style ⏭️

Back to top button