NEWS

സൗന്ദര്യവർധക ക്രീമുകൾ: മുന്നറിയിപ്പുമായി കെ. മുരളീധരൻ

തിരുവനന്തപുരം ∙ സൗന്ദര്യവർധക ക്രീമുകൾ വാരിപ്പൂശിയതുകൊണ്ട് മാത്രം ആരും സുന്ദരന്മാരോ സുന്ദരികളോ ആകാൻ പോകുന്നില്ലെന്നും, ഇത്തരം ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്നും മന്ത്രി കെ. മുരളീധരൻ മുന്നറിയിപ്പ് നൽകി. ചർമകാന്തി വർധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ക്രീമുകളെക്കുറിച്ച് പരാതികൾ ലഭിച്ചാൽ കർശനമായ പരിശോധനകൾ നടത്തി നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ അംഗീകാരമുള്ള ഗുണനിലവാരമുള്ള ക്രീമുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ, പലരും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ലഭിക്കുന്ന അനിയന്ത്രിതമായ ഉൽപന്നങ്ങളാണ് ഉപയോഗിക്കുന്നത്. ഇത്തരം വസ്തുക്കൾ എവിടെനിന്നാണ് നിർമിക്കുന്നത് എന്ന് കൃത്യമായി പരിശോധിച്ച ശേഷം മാത്രം മുഖത്ത് പുരട്ടാൻ ശ്രദ്ധിക്കണം. ഇപ്പോൾ വിപണിയിൽ അത്തരം ധാരാളം ഉൽപന്നങ്ങൾ ലഭ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മുഖ സൗന്ദര്യത്തിനായി അംഗീകൃത ബ്രാൻഡുകൾ തന്നെ ഉപയോഗിക്കണം. ഏതുതരം ക്രീം ഉപയോഗിച്ചാലും യഥാർഥ സൗന്ദര്യം ലഭിക്കില്ലെന്ന വസ്തുത തിരിച്ചറിയണം. പരാതികൾ ഉയരുന്ന മുറയ്ക്ക് ഇത്തരം ഉൽപന്നങ്ങൾക്കെതിരെ സർക്കാർ കർശന നടപടികൾ സ്വീകരിക്കും. ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഓൺലൈൻ വഴിയുള്ള ഇത്തരം ഉൽപന്നങ്ങളുടെ വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇതിൽ അടിയന്തര തീരുമാനമുണ്ടാകും. നിയമവിരുദ്ധമായി ഇത്തരം ഉൽപന്നങ്ങൾ വിൽക്കാൻ അനുവദിക്കില്ലെന്നും പരാതി ലഭിച്ചാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Fashion ⏭️

Back to top button