മുൻ മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും വിദേശയാത്ര: മോഹൻ ചരൺ മാജി അന്വേഷണത്തിന് ഉത്തരവിട്ടു

ഭുവനേശ്വർ ∙ മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരായ വി.കെ. പാണ്ഡ്യൻ, രവികാന്ത് എന്നിവരുടെ വിദേശയാത്രകൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് ഒഡീഷ സർക്കാർ ഉത്തരവിട്ടു. ഇവരുടെ വിദേശ പര്യടനങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ശനിയാഴ്ചയാണ് നിർദ്ദേശം നൽകിയത്.
2022-23, 2023-24 എന്നീ സാമ്പത്തിക വർഷങ്ങളിൽ ഇവർ നടത്തിയ വിദേശ യാത്രകളാണ് പരിശോധനയുടെ പ്രധാന പരിധിയിൽ വരുന്നത്. ഈ കാലയളവിൽ പട്നായിക്കും പാണ്ഡ്യനും രവികാന്തും പലതവണ വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരുന്നു. ഇതിൽ ജപ്പാൻ, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള യാത്രകളുടെ വിശദാംശങ്ങളും കണക്കുകളും അപൂർണ്ണമാണെന്ന് നേരത്തെ വ്യാപകമായ ആക്ഷേപം ഉയർന്നിരുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉയർന്നുവന്ന പരാതികളെ തുടർന്നാണ് സർക്കാർ ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.




