ഇന്ധനക്ഷാമം രൂക്ഷം: ഇറാനിൽ ദിവസവും രണ്ട് മണിക്കൂർ പവർ കട്ട്, വ്യവസായ മേഖല പ്രതിസന്ധിയിൽ

അമേരിക്കയുടെയും ഇസ്രയേലിന്റെയും സമ്മർദ്ദങ്ങളും തുടർച്ചയായ ആക്രമണങ്ങളും ഇറാനിയൻ സമ്പദ്വ്യവസ്ഥയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്ത് വരാനിരിക്കുന്ന ഞായറാഴ്ച മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചു. ഇതിൻപ്രകാരം എല്ലാ ദിവസവും രണ്ട് മണിക്കൂർ വീതം വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും. എന്നാൽ, തിരഞ്ഞെടുത്ത ചില പ്രദേശങ്ങളിൽ രണ്ട് ദിവസത്തിലൊരിക്കൽ എന്ന നിലയിലായിരിക്കും ഈ നിയന്ത്രണം നടപ്പിലാക്കുക. വീടുകളെയും വാണിജ്യ സ്ഥാപനങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഈ തീരുമാനത്തിലൂടെ ഊർജക്ഷാമം നേരിടാനാണ് ഭരണകൂടത്തിന്റെ നീക്കം. യുഎസും ഇസ്രയേലും നടത്തിയ ആക്രമണങ്ങളിൽ രാജ്യത്തെ ഊർജ നിലയങ്ങൾക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതാണ് ഈ ദുർഘടാവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്തെ നിലവിലെ പെട്രോളിയം വിതരണത്തിലെ അനിശ്ചിതത്വം കൂടി പരിഗണിച്ചാണ് ഈ കടുത്ത തീരുമാനമെന്ന് ഇറാൻ നാഷണൽ ഇലക്ട്രിസിറ്റി കമ്പനി മേധാവി മുഹമ്മദ് അലഹബാദ് വ്യക്തമാക്കി. ഓരോ പ്രദേശത്തിന്റെയും ആവശ്യകതയും സാഹചര്യവും കണക്കിലെടുത്ത് വ്യത്യസ്ത രീതിയിലായിരിക്കും നിയന്ത്രണങ്ങൾ ക്രമീകരിക്കുക. അമേരിക്കൻ ആക്രമണങ്ങൾ രാജ്യത്തിന്റെ ഊർജ വിതരണ ശൃംഖലയിൽ വലിയ തോതിൽ തകരാറുകൾ വരുത്തിയിട്ടുണ്ടെന്നും, വരാനിരിക്കുന്ന തണുപ്പുകാലം ജനങ്ങൾക്ക് വലിയ പ്രയാസങ്ങൾ സമ്മാനിക്കുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ നേരത്തെ തന്നെ ആശങ്ക പങ്കുവെച്ചിരുന്നു.
വൈദ്യുതി ലഭ്യതയിലെ കുറവ് രാജ്യത്തെ വ്യാവസായിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. അമേരിക്കൻ നാവിക ഉപരോധം നിലനിൽക്കുന്നതിനാൽ, ചൈനയിൽ നിന്നുള്ള ചരക്കുകൾ കസഖ്സ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലൂടെ റോഡ് മാർഗം എത്തിക്കാനാണ് വ്യാപാരികൾ നിർബന്ധിതരാകുന്നത്. ഇത് ചെലവ് വർദ്ധിപ്പിക്കുകയും സാമ്പത്തിക ബാധ്യത ഇരട്ടിയാക്കുകയും ചെയ്യുന്നു. ഇതിന് പുറമെ വൈദ്യുതി നിയന്ത്രണം കൂടി വരുന്നതോടെ വ്യവസായങ്ങൾ കൂടുതൽ പ്രതിസന്ധിയിലാകും. എണ്ണ കയറ്റുമതിയിൽ നിന്നുള്ള വരുമാനത്തിൽ ഇടിവുണ്ടായതോടെ സാമ്പത്തിക അടിത്തറയിൽ വലിയ വിള്ളലുകൾ വീണ ഇറാൻ, ഈ ഇരട്ടപ്രഹരം എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ്.




