ശബരിമല തീർത്ഥാടനം: ദേശീയപാതയിൽ സുരക്ഷിതയാത്ര ഉറപ്പാക്കാൻ ചുക്കുകാപ്പിയുമായി പൊലീസ്

വാളയാർ ∙ ദീർഘദൂര യാത്രയ്ക്കിടെ ഡ്രൈവർമാർക്ക് അമിതക്ഷീണവും ഉറക്കവും അനുഭവപ്പെടുന്നത് ഒഴിവാക്കാനും, അതുവഴി വാഹനാപകടങ്ങൾ തടയാനും ലക്ഷ്യമിട്ട് കേരള പൊലീസ് ദേശീയപാതയോരത്ത് പുതിയൊരു കരുതൽ പദ്ധതിക്ക് തുടക്കമിട്ടു. സംസ്ഥാന അതിർത്തിയായ വാളയാറിൽ ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ള യാത്രികർക്കായി ചൂടൻ ചുക്കുകാപ്പി വിതരണം ചെയ്താണ് പൊലീസ് ശ്രദ്ധേയമായ ഈ ഇടപെടൽ നടത്തുന്നത്.
ദക്ഷിൺ ഭാരത് ആർട്സ്–സ്പോർട്സ്, കൾചറൽ ആൻഡ് എജ്യുക്കേഷൻ പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുമായി കൈകോർത്താണ് യാത്രക്കാർക്ക് സൗജന്യമായി ചുക്കുകാപ്പി എത്തിച്ചുനൽകുന്നത്. രാത്രികാലങ്ങളിൽ ദീർഘദൂരം വാഹനമോടിച്ചു വരുന്ന ഡ്രൈവർമാരിൽ കണ്ടുവരുന്ന മയക്കവും ക്ഷീണവും വലിയ തോതിൽ അപകടങ്ങൾ ക്ഷണിച്ചുവരുത്താറുണ്ട്. ഇത് മുൻകൂട്ടി കണ്ട്, യാത്രക്കാരെ ഉന്മേഷഭരിതരാക്കി സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയപാതയിൽ പ്രത്യേക കൗണ്ടർ സജ്ജമാക്കിയിരിക്കുന്നത്.
നിയമപാലനത്തിനപ്പുറം ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ പൊലീസും സന്നദ്ധ സംഘടനകളും നടത്തുന്ന ഈ സേവനത്തിന് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.




