ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് തഴയപ്പെട്ട യുസ്വേന്ദ്ര ചെഹൽ ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം യുസ്വേന്ദ്ര ചെഹൽ ബിജെപിയിൽ അംഗത്വമെടുത്തു. ബിജെപിയുടെ ഒബിസി മോർച്ചയുടെ ദേശീയ നിർവാഹക സമിതിയിലേക്ക് പ്രത്യേക ക്ഷണിതാവ് എന്ന പദവിയിലേക്ക് അദ്ദേഹത്തെ നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് രാഷ്ട്രീയ പ്രവേശനവും. തന്നെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തതിനും ഈ ഉത്തരവാദിത്തം ഏൽപ്പിച്ചതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുതിർന്ന ബിജെപി നേതൃത്വത്തോടും ചെഹൽ തന്റെ നന്ദി രേഖപ്പെടുത്തി.
ഇന്ത്യൻ കുപ്പായത്തിൽ 72 ഏകദിനങ്ങളിലും 80 ട്വന്റി20 മത്സരങ്ങളിലും ബൗൾ ചെയ്തിട്ടുള്ള മുപ്പത്തിയാറുകാരനായ ചെഹൽ, നിലവിൽ ദേശീയ ടീമിന് പുറത്താണ്. 2023 ഓഗസ്റ്റിൽ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പോരാട്ടത്തിലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയത്. 2024-ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല. അതിനുശേഷം ടീമിലേക്ക് പരിഗണിക്കപ്പെട്ടിട്ടുമില്ല. ഐപിഎലിൽ പഞ്ചാബ് കിങ്സ് ടീമിന്റെ താരമാണ് അദ്ദേഹം.
ഇക്കഴിഞ്ഞ ഒക്ടോബറിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി യുസ്വേന്ദ്ര ചെഹൽ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റിൽ നോട്ടിങ്ങാംഷറിനായി കളിച്ചുവരുന്ന താരം, ഈ സീസണോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ എല്ലാ മത്സരങ്ങളിൽ നിന്നും വിരമിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. തന്റെ കരിയറിൽ ആകെ 49 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 148 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തം പേരിൽ കുറിച്ചത്.




