സൗദിയുടെ ആകാശപ്രതിരോധം: 193 ഹൂതികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; സഖ്യസേനയുടെ കനത്ത തിരിച്ചടി

റിയാദ് ഉൾപ്പെടെ സൗദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളെ ലക്ഷ്യംവെച്ച് ഹൂതി വിമതർ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണശ്രമങ്ങൾ സൗദി സഖ്യസേന വിഫലമാക്കി. തലസ്ഥാന നഗരിയിലേക്ക് തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖല ലക്ഷ്യമാക്കി വന്ന ഡ്രോണുകളുമാണ് വ്യോമപ്രതിരോധ സംവിധാനത്തിലൂടെ തകർത്തുതരിപ്പണമാക്കിയത്.
ചെങ്കടൽ തീരത്തെ ഹുദൈദ തുറമുഖത്തും തലസ്ഥാനമായ സനായിലും കഴിഞ്ഞദിവസം സൗദി സഖ്യസേന ശക്തമായ വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന് കനത്ത തിരിച്ചടി നൽകുമെന്ന ഹൂതികളുടെ ഭീഷണിക്ക് പിന്നാലെയാണ് ഇന്ന് പുലർച്ചയോടെ ആക്രമണം ഉണ്ടായത്. ഹൂതികൾ ആയുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും കടത്താനായി ഉപയോഗിച്ചിരുന്ന ഹുദൈദ തുറമുഖത്തെ പ്രധാന സങ്കേതങ്ങൾ തകർത്തതായി സഖ്യസേന വക്താവ് ബ്രിഗേഡിയർ തുർക്കി അൽ മാലിക്കി സ്ഥിരീകരിച്ചു. സനായിലെ ഡ്രോൺ, മിസൈൽ നിർമാണ കേന്ദ്രങ്ങൾക്കും ആയുധപ്പുരകൾക്കും നേരെയും സഖ്യസേന കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്.




