NEWS

യമുനയിൽ തല ഉപേക്ഷിച്ചു; മൃതദേഹങ്ങൾ ജയിലിന് മുന്നിൽ; പോലീസിനെ വെല്ലുവിളിച്ച പ്രതിയുടെ ക്രൂരത

2006 ഒക്ടോബർ 20-ാം തീയതി രാവിലെ ആറരയോടെ ഹരിനഗർ പോലീസ് സ്റ്റേഷനിലേക്ക് വന്ന ഒരു ഫോൺ കോൾ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ തിഹാർ ജയിലിന്റെ സുരക്ഷാ സംവിധാനങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു. ‘‘തിഹാർ ജയിലിന് മുന്നിൽ കാവൽ നിൽക്കുന്ന പോലീസുകാർ തികഞ്ഞ പരാജയമാണ്. ജയിലിന്റെ കവാടത്തിൽ ഞാൻ ഒരു മൃതദേഹം ഉപേക്ഷിച്ചിട്ട് പോലും അതറിയാൻ അവർക്ക് സാധിച്ചില്ല’’ – അതീവ ഗൗരവകരമായ ഈ സന്ദേശം നൽകിയ ശേഷം അജ്ഞാതൻ ഫോൺ കട്ട് ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഹരിനഗർ പോലീസ് തിഹാർ ജയിലിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. പരിഭ്രാന്തരായ ഉദ്യോഗസ്ഥർ ഉടൻ തന്നെ ജയിലിന്റെ മൂന്നാം നമ്പർ ഗേറ്റിന് പുറത്തേക്ക് ഓടിയെത്തി. അവിടെ ഡൽഹിയിലെ തെരുവോര കച്ചവടക്കാർ ഉപയോഗിക്കുന്ന വലിപ്പമുള്ള ഒരു കുട്ട ശ്രദ്ധയിൽപ്പെട്ടു. ആകാംക്ഷയോടെ അത് തുറന്നു പരിശോധിച്ച പോലീസിന് മുന്നിൽ തെളിഞ്ഞത് നൈലോൺ ചാക്കിൽ കെട്ടിപ്പൊതിഞ്ഞ കാഴ്ചകളായിരുന്നു. ചാക്ക് അഴിച്ചപ്പോൾ അതിൽ പ്ലാസ്റ്റിക് കവറുകളും പഴയ പത്രക്കടലാസുകളും നിറച്ചിരിക്കുന്നതാണ് കണ്ടത്. അവയ്ക്കിടയിൽ തലയില്ലാത്ത നിലയിൽ ഒരു മനുഷ്യശരീരം. കൊലപാതകി അവിടെ ഉപേക്ഷിച്ച കത്തിൽ വെല്ലുവിളിയുമുണ്ടായിരുന്നു: ‘‘ഈ കൊലപാതകം നടത്തിയത് ഞാനാണ്, സാധിക്കുമെങ്കിൽ എന്നെ പിടികൂടൂ.’’

ഹരിനഗർ പോലീസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ, കൊല്ലപ്പെട്ടത് 25-നും 30-നും ഇടയിൽ പ്രായം വരുന്ന ഒരു യുവാവാണെന്ന് സ്ഥിരീകരിച്ചു. ചാരനിറത്തിലുള്ള നൈലോൺ കയറുകൊണ്ട് വരിഞ്ഞുമുറുക്കിയ നിലയിലായിരുന്ന മൃതദേഹത്തിൽ അടിവസ്ത്രം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

പിന്നീട് 2007 ഏപ്രിൽ 25-ന് വീണ്ടും സമാനമായ സംഭവമുണ്ടായി. തിഹാർ ജയിലിന് മുന്നിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ തലയ്ക്ക് പുറമെ കൈകാലുകളും ജനനേന്ദ്രിയവും ക്രൂരമായി അറുത്തുമാറ്റിയ നിലയിലായിരുന്നു. ഈ ശരീരഭാഗങ്ങൾ പിന്നീട് തീസ് ഹസാരി കോടതിക്ക് സമീപത്ത് നിന്ന് പോലീസ് കണ്ടെടുത്തു. തുടർന്ന് 2007 മെയ് 18-ന് ഇതേ രീതിയിൽ മൂന്നാമത്തെ മൃതദേഹം കൂടി ജയിലിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഇത്തവണ മൃതദേഹത്തോടൊപ്പം മൂന്നോ നാലോ പേജുകൾ നീളുന്ന ഒരു കത്തും കൊലയാളി കരുതിയിരുന്നു.

Fashion ⏭️

Back to top button