കോൺഗ്രസ് പുറത്താക്കി; ഇനി തിരിച്ചുപോക്കില്ലെന്ന് വ്യക്തമാക്കി സിപിഎമ്മിൽ ചേർന്ന നേതാവ്

കൊച്ചി ∙ കോൺഗ്രസ് പാർട്ടിയുമായി ഇനി ഒരു ബന്ധവുമില്ലെന്നും, തന്നെ ചവിട്ടിപ്പുറത്താക്കുകയായിരുന്നുവെന്നും മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് വ്യക്തമാക്കി. പാർട്ടിലേക്ക് തിരികെ പോകാനുള്ള സാധ്യതകളെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. തന്നെ എങ്ങനെയെങ്കിലും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പത്മജ വേണുഗോപാൽ ബിജെപി വിട്ട് കോൺഗ്രസിലേക്ക് മടങ്ങുന്നു എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു കെ.വി. തോമസ്.
‘കോൺഗ്രസ് പാർട്ടിയോടും ഗാന്ധി കുടുംബത്തോടും അതിരറ്റ ആദരവും സ്നേഹവുമാണ് ഞാൻ പുലർത്തിയിരുന്നത്. എന്നാൽ, എന്നെ പുറത്താക്കുകയാണ് ചെയ്തത്. വഹിച്ചിരുന്ന വർക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയതും ഇതിന്റെ ഭാഗമായിരുന്നു. ഞാൻ എങ്ങനെയെങ്കിലും പാർട്ടിയിൽ നിന്നും വിട്ടുപോകണമെന്ന മനോഭാവമാണ് ഇവിടുത്തെ കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിച്ചത്. ആ സംഭവം എന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. എങ്കിലും, ആരോടും പരിഭവമോ പിണക്കമോ എനിക്കില്ല. പ്രതിസന്ധി ഘട്ടത്തിൽ എനിക്ക് ആശ്രയം നൽകിയത് സിപിഎമ്മും പിണറായി വിജയനും ഇടതുപക്ഷ മുന്നണിയുമാണ്’ – കെ.വി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു.




