SPORTS
സേവാഗ് എന്ന കുടുംബപ്പേരിന്റെ പേരിൽ ആര്യവീറിന് വിമർശനം: മകന് പിന്തുണയുമായി വീരേന്ദർ സേവാഗ്

ന്യൂഡൽഹി: പ്രശസ്തനായ പിതാവിന്റെ കുടുംബപ്പേര് വഹിക്കുന്നു എന്ന കാരണത്താൽ മകൻ ആര്യവീർ സേവാഗിന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വീരേന്ദർ സേവാഗ് വെളിപ്പെടുത്തി. തങ്ങളുടെ കുടുംബപ്പേര് അവന് പലപ്പോഴും തടസ്സമായി മാറിയെങ്കിലും, അണ്ടർ-19 ഏഷ്യാകപ്പിലെ മികച്ച പ്രകടനത്തിലൂടെ താൻ കഴിവുള്ളവനാണെന്ന് അവൻ തെളിയിച്ചതായി സേവാഗ് ചൂണ്ടിക്കാട്ടി.
‘‘സേവാഗ് എന്ന പേര് കൂടെയുള്ളതുകൊണ്ട് മാത്രം ആര്യവീറിനെതിരെ പലരും തിരിഞ്ഞിരുന്നു. എന്നാൽ ടൂർണമെന്റിലുടനീളം മികച്ച രീതിയിൽ ബാറ്റു വീശാനും വലിയ സ്കോറുകൾ കണ്ടെത്താനും അവന് സാധിച്ചു. പാക്കിസ്ഥാനെതിരായ ഫൈനലിൽ മാത്രമല്ല, ആദ്യാവസാനം വരെ അവൻ മികച്ച കളി പുറത്തെടുത്തു. ഇനി വേണ്ടത് പ്രകടനത്തിലെ സ്ഥിരത നിലനിർത്തുക എന്നതാണ്’’– വീരേന്ദർ സേവാഗ് കൂട്ടിച്ചേർത്തു.




