NEWS

യുഎഇ മലയോരങ്ങളിൽ മിന്നൽപ്രളയ ഭീഷണി; ഫുജൈറയിലും റാസൽഖൈമയിലും ശക്തമായ മഴ തുടരുന്നു

ഫുജൈറ, റാസൽഖൈമ തുടങ്ങിയ യുഎഇയിലെ വിവിധ ഇടങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര പ്രദേശങ്ങളിൽ മിന്നൽ പ്രളയ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഫുജൈറയുടെയും റാസൽഖൈമയുടെയും പല ഭാഗങ്ങളിലും മഴ കനത്തതോടെ താഴ്‌വരകളിലേക്കും വാദികളിലേക്കും ജലപ്രവാഹം രൂക്ഷമായിരിക്കുകയാണ്. ചില മലയോര മേഖലകൾ ഇതിനകം വെള്ളത്തിനടിയിലായിട്ടുണ്ട്. വാദികൾ കരകവിഞ്ഞ് ഒഴുകാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) വ്യക്തമാക്കി.

മോശം കാലാവസ്ഥ കണക്കിലെടുത്ത് ഫുജൈറ, റാസൽഖൈമ, അൽ ഐനിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഒൻപത് മണി വരെയാണ് ഈ ജാഗ്രതാ നിർദേശം നിലനിൽക്കുക. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കൂടാതെ, വ്യാഴാഴ്ചയോടെ ഷാർജയുടെ ചില പ്രദേശങ്ങളിൽ നേരിയ തോതിൽ മഴ ലഭിക്കാനും സാധ്യതയുണ്ട്.

Fashion ⏭️

Back to top button