മൺസൂണിന് പിന്നാലെ തുലാവർഷവും കൈവിട്ടു; സംസ്ഥാനത്ത് മഴക്കമ്മി തുടരുന്നു

മൺസൂൺ കാലത്ത് മഴ ചതിച്ചതോടെ തുലാവർഷത്തിൽ വലിയ പ്രതീക്ഷയായിരുന്നു കർഷകർക്കും നാട്ടുകാർക്കും ഉണ്ടായിരുന്നത്. എന്നാൽ ആ പ്രതീക്ഷകളും അസ്ഥാനത്തായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമായിരിക്കുകയാണ്. കിലോമീറ്ററുകളോളം നടന്ന് വെള്ളം ശേഖരിക്കുന്നതും, പണം നൽകി കുടിവെള്ളം വാങ്ങുന്നതും ഇടുക്കിയുടെ വേനൽക്കാലത്തെ പതിവ് കാഴ്ചകളാണെങ്കിലും, ഇത്തവണ അതെല്ലാം നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു.
മൂന്നാറിൽ കുടിവെള്ളം മുട്ടുന്നു: വിനോദസഞ്ചാര ഭൂപടത്തിലെ പ്രധാന കേന്ദ്രമായ മൂന്നാറിൽ ഇത്തവണ മഴ കുറഞ്ഞത് വരും മാസങ്ങളിൽ വലിയ ജലക്ഷാമത്തിന് വഴിയൊരുക്കുമെന്ന ആശങ്ക ശക്തമാണ്. മൂന്നാറിലെ വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാൻ നാല് വർഷം മുൻപ് കന്നിയാറിൽ രണ്ട് തടയണകൾ പണിതെങ്കിലും, തുടർനടപടികൾ സ്വീകരിക്കാത്തതിനാൽ അവ പാഴ്വസ്തുക്കളെപ്പോലെ കിടക്കുകയാണ്. ഈ തടയണകൾ ഏറ്റെടുത്ത് പദ്ധതി വീണ്ടും സജീവമാക്കാൻ കഴിഞ്ഞ ജൂണിൽ പഞ്ചായത്ത് ഭരണസമിതി ശ്രമങ്ങൾ തുടങ്ങിയിരുന്നു.
കന്നിയാറിലെ തടയണകളിൽ വെള്ളം ശേഖരിച്ച്, മുരുകൻ ക്ഷേത്രത്തിന് സമീപമുള്ള മലമുകളിൽ സംഭരണി സ്ഥാപിച്ച്, അവിടെ നിന്നും ശുദ്ധീകരിച്ച വെള്ളം പ്രദേശവാസികൾക്ക് എത്തിക്കാനുള്ള പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ ജൂണിൽ തന്നെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.
മാങ്കുളം വരളുന്നു: വേനൽ കടുത്തതോടെ മാങ്കുളം ടൗണിലും സമീപപ്രദേശങ്ങളിലും കുടിവെള്ളത്തിന് വലിയ പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. സെൻട്രൽ സിറ്റിയുടെ പരിസരത്തുള്ള നാൽപ്പതിലേറെ കുടുംബങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും ഇപ്പോൾ ജലക്ഷാമത്തിന്റെ കടുത്ത പിടിയിലാണ്. പത്ത് വർഷം മുൻപ് ജലനിധി പദ്ധതിയുടെ ഭാഗമായി ചിന്നാർ കുത്തിന് മുകളിൽ നിന്ന് പൈപ്പുകൾ വഴി ടാങ്കിലേക്ക് വെള്ളമെത്തിച്ചായിരുന്നു ഇവിടെ കുടിവെള്ള വിതരണം നടത്തിയിരുന്നത്. എന്നാൽ ഇത്തവണ മഴ കാര്യമായി ലഭിക്കാത്തത് കാരണം ചിന്നാർ കുത്തിലെ നീരൊഴുക്ക് വറ്റിയതാണ് പ്രദേശവാസികളെ വലിയ ദുരിതത്തിലാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്ന ശക്തമായ ആവശ്യം നാട്ടുകാരിൽ നിന്ന് ഉയർന്നു വരുന്നുണ്ട്.




