സംസ്ഥാനത്ത് 335 ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ പൂട്ടുന്നു; രണ്ടര കിലോമീറ്റർ പരിധിയിൽ ഒരു ഓഫീസ് മാത്രം

കണ്ണൂർ: സംസ്ഥാനത്തെ 335 ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളും 38 ഹെഡ് പോസ്റ്റ് ഓഫീസുകളും അടച്ചുപൂട്ടാനാണ് തപാൽ ഡയറക്ടറേറ്റിന്റെ തീരുമാനം. നിലവിൽ 52 ഹെഡ് പോസ്റ്റ് ഓഫീസുകൾ പ്രവർത്തിക്കുന്ന സ്ഥാനത്ത്, ഇനിമുതൽ ജില്ലയിൽ ഒരെണ്ണം മാത്രമായി ചുരുക്കാനാണ് നീക്കം. ജനുവരി മാസത്തിന്റെ തുടക്കത്തിൽ തന്നെ ഈ പരിഷ്കാരം നിലവിൽ വരും. നിർത്തലാക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസുകളെ ‘മുഖ്യ ടാക്ഘർ’ എന്ന പുതിയ പേരിൽ തരംതാഴ്ത്തി പുനർനാമകരണം ചെയ്യും.
രണ്ടര കിലോമീറ്റർ പരിധിക്കുള്ളിൽ രണ്ട് ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിൽ ഒരെണ്ണം വീതം പൂട്ടാനാണ് നിർദേശം; ഇത്തരത്തിൽ 335 ഓഫീസുകളാണ് പൂട്ടലിന്റെ വക്കിലുള്ളത്. ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളിലേക്ക് തപാൽ ഉരുപ്പടികൾ എത്തിച്ചിരുന്ന പഴയ രീതി ഇതോടെ അവസാനിക്കും. ഇനിമുതൽ കത്തുകളും പാഴ്സലുകളും ശേഖരിക്കുന്നതിനായി പോസ്റ്റ്മാൻമാർ സബ് പോസ്റ്റ് ഓഫീസുകളെ ആശ്രയിക്കേണ്ടി വരും. ഇതോടെ പോസ്റ്റ്മാൻമാർക്ക് ദിവസേന 70 കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യം ഉടലെടുക്കും.
അതേസമയം, പൂട്ടുന്ന ഓഫീസുകളിലെ ജീവനക്കാരെ എവിടെ വിന്യസിപ്പിക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഭരണകൂടത്തിന്റെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി തപാൽ ജീവനക്കാരുടെ സംഘടനകൾ സമരരംഗത്തേക്ക് ഇറങ്ങിക്കഴിഞ്ഞു.




