നവീകരിച്ച റെയിൽവേ സ്റ്റേഷൻ റോഡ് തകർന്നു; രണ്ടാഴ്ച മുൻപ് കോൺക്രീറ്റ് ചെയ്ത ഭാഗത്ത് വിള്ളൽ

ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തി നിൽക്കെ, സ്റ്റേഷൻ റോഡിൽ വിള്ളലുകൾ രൂപപ്പെട്ടത് ആശങ്കയുണർത്തുന്നു. സ്റ്റേഷന്റെ വടക്കുവശത്ത് രണ്ടാഴ്ച മുൻപ് കോൺക്രീറ്റ് ചെയ്ത റോഡിലാണ് പത്തുമീറ്ററോളം നീളത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടത്.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി പത്തു കോടിയോളം രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന ഈ നിർമ്മാണ പ്രവൃത്തികൾക്കെതിരെ തുടക്കം മുതലേ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. റോഡ് കോൺക്രീറ്റ് ചെയ്യുന്ന വേളയിൽ വരുത്തിയ പിഴവുകൾ കാരണം പ്രദേശത്ത് വെള്ളക്കെട്ട് പതിവായിരുന്നു. ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാതെ കോൺക്രീറ്റിങ് പൂർത്തിയാക്കിയതാണ് വിള്ളലുകൾക്ക് വഴിവെച്ചതെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ദിവസേന വിള്ളലിന്റെ വ്യാപ്തി വർധിച്ചുവരികയാണ്.
നിലവിലെ സാഹചര്യത്തിൽ വിള്ളൽ കൂടുതൽ അപകടകരമായി മാറുന്നതിനാൽ ഇതുവഴി കടന്നുപോകുന്ന ഇരുചക്രവാഹന യാത്രക്കാർ കടുത്ത സുരക്ഷാ ഭീഷണിയാണ് നേരിടുന്നത്.




