NEWS

ശബരിമല: സർക്കാർ-ദേവസ്വം ബോർഡ് പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി നിയമസഭാ പരിസ്ഥിതി സമിതി

പത്തനംതിട്ട ∙ ശബരിമലയിലെ തീർഥാടകരുടെ വികാരങ്ങളെയും അവിടുത്തെ നിലവിലെ ക്രമീകരണങ്ങളെയും സംബന്ധിച്ച സമഗ്രമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് ഉടൻ സമർപ്പിക്കുമെന്ന് നിയമസഭാ പരിസ്ഥിതി സമിതി അറിയിച്ചു. സമിതി ചെയർപേഴ്സൺ സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ചാണ്ടി ഉമ്മൻ, ഫൈസൽ ബാബു എന്നിവരടങ്ങുന്ന സംഘം ബുധനാഴ്ച രാത്രി സന്നിധാനത്തെത്തി കാര്യങ്ങൾ നേരിട്ട് വിലയിരുത്തി.

ശബരിമലയിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ അതീവ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും ആയിരിക്കുമെന്ന് സമിതി വ്യക്തമാക്കി. സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും പ്രവർത്തനങ്ങളിൽ സമിതി പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തി. ദർശനത്തിനായി എത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് ഒരുതരത്തിലുമുള്ള പ്രയാസങ്ങളും ഉണ്ടാകാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകുമെന്ന് സജീവ് ജോസഫ് എംഎൽഎ വ്യക്തമാക്കി.

ശബരിമലയുടെ സംരക്ഷണവും വികസനവും രാഷ്ട്രീയമോ മതപരമോ ആയ വേർതിരിവുകൾക്കപ്പുറം ഓരോ മലയാളിയുടെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വർഷത്തിൽ 365 ദിവസവും സർക്കാർ ശബരിമലയുടെ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ പുലർത്തുന്നുണ്ടെന്നും സമിതി കൂട്ടിച്ചേർത്തു.

Fashion ⏭️

Back to top button