ഇറാനെതിരെ യുഎസ് പഴയ ആയുധങ്ങൾ പ്രയോഗിച്ചെന്ന് വെളിപ്പെടുത്തൽ: നടപടിയെ റൊട്ടി ചൂടാക്കുന്നതിനോട് ഉപമിച്ച് വിമർശനം

വാഷിങ്ടൻ ∙ ഇറാനെതിരായ സൈനിക നടപടികളുടെ ഭാഗമായി കാലാവധി അവസാനിച്ച ആയുധങ്ങൾ അമേരിക്കൻ നാവികസേന ഉപയോഗിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. രാജ്യത്തിന്റെ ആയുധശേഖരത്തിൽ നിലനിൽക്കുന്ന കടുത്ത ദൗർലഭ്യത്തിലേക്കാണ് ഈ വെളിപ്പെടുത്തൽ വിരൽചൂണ്ടുന്നത്. സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റിയുടെ ഹിയറിങ്ങിനിടെ ആക്ടിങ് നേവി സെക്രട്ടറി ഹങ് കാവോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ചെലവേറിയ അത്യാധുനിക ആയുധങ്ങളും താരതമ്യേന വിലകുറഞ്ഞ ആയുധങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് സെനറ്റർ ഡെബ് ഫിഷർ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യിൽ പങ്കെടുത്ത നാവികസേന, ഉപയോഗശൂന്യമായി മാറിയ ആയുധങ്ങളെ റീകോഡ് ചെയ്ത ശേഷം വീണ്ടും പ്രവർത്തനസജ്ജമാക്കി വിന്യസിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സാധാരണയായി കാലഹരണപ്പെട്ടതും പ്രവർത്തനക്ഷമമല്ലാത്തതുമായ ആയുധങ്ങളെ ‘കോഡ് എക്കോ’, ‘കോഡ് ഫോക്സ്ട്രോട്ട്’ എന്നിങ്ങനെയാണ് വർഗീകരിക്കുന്നത്. ഇവയെയാണ് പിന്നീട് സാങ്കേതികമായി പുനഃക്രമീകരിച്ച് യുദ്ധമുഖത്ത് ഉപയോഗിച്ചത്.
പഴയ വെടിക്കോപ്പുകൾ ഉപയോഗിക്കുമ്പോൾ സംഭവിക്കാവുന്ന വലിയ സുരക്ഷാ ഭീഷണികളെക്കുറിച്ച് ഐക്യരാഷ്ട്ര സംഘടന നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. കാലപ്പഴക്കം മൂലം രാസപരമായ മാറ്റങ്ങൾ സംഭവിക്കാനും, ഇന്ധന ടാങ്കുകളിൽ വിള്ളലുകൾ വീണ് മർദവ്യതിയാനങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. ഇത് വിക്ഷേപണ സമയത്ത് തന്നെ മിസൈലുകൾ പൊട്ടിത്തെറിക്കുന്നതിനോ അല്ലെങ്കിൽ ലക്ഷ്യസ്ഥാനത്ത് നിന്ന് വ്യതിചലിക്കുന്നതിനോ കാരണമാകാം. ആയുധങ്ങളിലെ ഇലക്ട്രോണിക് ഘടകങ്ങൾ പ്രവർത്തനരഹിതമാകുന്നത് അവയുടെ ദിശാ നിയന്ത്രണത്തെ പൂർണമായും തകിടം മറിക്കും. മാത്രമല്ല, വിക്ഷേപിച്ച ശേഷം ലക്ഷ്യസ്ഥാനത്ത് പതിച്ചിട്ടും പൊട്ടാതെ കിടക്കുന്ന ഇത്തരം ആയുധങ്ങൾ ഭാവിയിൽ വലിയ സുരക്ഷാ പ്രതിസന്ധികൾക്ക് കൂടി വഴിതുറക്കുന്നു.




