വെള്ളം കുടിക്കുന്ന രീതി മാറ്റൂ, അമിതവണ്ണത്തെ പടിക്ക് പുറത്താക്കൂ

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ലളിതമായ വഴികളിൽ ഒന്നാണ് വെള്ളം കുടിക്കുക എന്നത്. എന്നാൽ വെറുതെ വെള്ളം കുടിക്കുന്നതിലുപരി, അത് ശരിയായ രീതിയിൽ ശീലമാക്കുന്നത് ഭാരം കുറയ്ക്കാൻ വലിയ രീതിയിൽ സഹായിക്കും. വണ്ണം കുറയ്ക്കാൻ പല മാർഗ്ഗങ്ങൾ തേടുന്നവരുണ്ട്. ഓരോരുത്തരുടെയും ശരീരപ്രകൃതിക്കും ജീവിതശൈലിക്കും അനുസരിച്ചായിരിക്കും ഭാരം വർദ്ധിക്കുന്നത്. ജനിതക ഘടകങ്ങൾ, മാനസിക സമ്മർദ്ദം, അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമക്കുറവ്, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയ പല ഘടകങ്ങൾ ഇതിന് കാരണമാകാം. അതിനാൽ തടി കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങുന്നതിന് മുൻപ് ഇതിന്റെ മൂലകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്. കൃത്യമായ ഡയറ്റും ചിട്ടയായ വ്യായാമവും ഇതിന് അടിസ്ഥാനമാണെങ്കിലും, ചില ചെറിയ ശീലങ്ങൾ വേഗത്തിൽ ഫലം നൽകാൻ സഹായിക്കും. അത്തരത്തിൽ ഒന്നാണ് തണുത്ത വെള്ളം അഥവാ ഐസ് വാട്ടർ കുടിക്കുന്നത്. ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.
മെറ്റബോളിസം അഥവാ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുന്നു: ഐസ് വാട്ടർ കുടിക്കുമ്പോൾ അത് ശരീരത്തിന്റെ താപനിലയിലേക്ക് കൊണ്ടുവരാൻ ശരീരം കഠിനമായി അധ്വാനിക്കുന്നു. ശരീരത്തിന്റെ ഊഷ്മാവ് നിലനിർത്താനായി ഈ അധിക ഊർജ്ജം ചെലവാക്കുന്ന പ്രക്രിയയെ ‘തെർമോജെനിസിസ്’ എന്ന് വിളിക്കുന്നു. ഈ പ്രവർത്തനം മെറ്റബോളിസം വേഗത്തിലാക്കുകയും കൂടുതൽ കലോറി എരിച്ചുകളയാൻ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു. ശാസ്ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം, ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിക്കുന്നത് ഏകദേശം 8 മുതൽ 10 കലോറി വരെ അധികമായി കത്തിക്കാൻ സഹായിക്കുന്നു. ഉദാഹരണത്തിന്, 5°C തണുപ്പുള്ള 250 മില്ലി വെള്ളം ശരീരത്തിന്റെ സാധാരണ താപനിലയായ 37°C-ലേക്ക് ഉയർത്താൻ ശരീരം എട്ട് കലോറിയോളം ചെലവാക്കുന്നു.
വിശപ്പിനെ നിയന്ത്രിക്കുന്നു: അമിതമായി വിശക്കുന്നത് പലപ്പോഴും അനാവശ്യമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും അത് തടി കൂടാൻ കാരണമാവുകയും ചെയ്യുന്നു. ഭക്ഷണത്തിന് തൊട്ടുമുൻപ് തണുത്ത വെള്ളം കുടിക്കുന്നത് വയർ പെട്ടെന്ന് നിറഞ്ഞതായി തോന്നിപ്പിക്കുകയും, അമിതഭക്ഷണം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചൂടുള്ള പാനീയങ്ങളേക്കാൾ വേഗത്തിൽ തണുത്ത വെള്ളം വയർ നിറയ്ക്കുന്നതായി അനുഭവപ്പെടാറുണ്ട്. ഈ ശീലം വിശപ്പിനെ ഫലപ്രദമായി കുറയ്ക്കാൻ സഹായിക്കും.
ടോക്സിനുകൾ നീക്കം ചെയ്യുന്നു: ശരീരത്തിൽ വിഷാംശങ്ങൾ അഥവാ ടോക്സിനുകൾ അടിഞ്ഞുകൂടുന്നത് മെറ്റബോളിസം മന്ദഗതിയിലാക്കുകയും ശരീരത്തിൽ കൊഴുപ്പ് അമിതമായി അടിയാൻ വഴിയൊരുക്കുകയും ചെയ്യുന്നു. തണുത്ത വെള്ളം കുടിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താനും വിയർപ്പിലൂടെയും മൂത്രത്തിലൂടെയും ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനും സഹായിക്കുന്നു. ഇതുവഴി വാട്ടർ റിടെൻഷൻ കുറയുകയും കൊഴുപ്പ് എളുപ്പത്തിൽ കത്തിക്കാൻ സാധിക്കുകയും ചെയ്യുന്നു.
കൊഴുപ്പ് കത്തിക്കുന്നു: ശരീരത്തിൽ സംഭരിച്ചിരിക്കുന്ന കൊഴുപ്പിനെ ഊർജ്ജമാക്കി മാറ്റുന്ന പ്രക്രിയയ്ക്ക് തണുത്ത വെള്ളം സഹായകമാണ്. ശരീര താപനില ക്രമീകരിക്കാൻ ശരീരം നടത്തുന്ന പ്രവർത്തനങ്ങൾ ‘ബ്രൗൺ ഫാറ്റ്’ എന്ന പ്രത്യേകതരം കൊഴുപ്പിനെ കത്തിക്കാൻ സഹായിക്കുന്നു. ഈ പ്രക്രിയ ഇൻസുലിൻ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു: ഭക്ഷണത്തിൽ നിന്നുള്ള പോഷകങ്ങൾ കൃത്യമായി ആഗിരണം ചെയ്യാനും കൊഴുപ്പ് കത്തിക്കാനും ദഹനവ്യവസ്ഥ മികച്ച രീതിയിൽ പ്രവർത്തിക്കണം. തണുത്ത വെള്ളം ദഹനപ്രക്രിയയെ സുഗമമാക്കുന്നു. ദഹനം ശരിയായി നടക്കുമ്പോൾ ഭക്ഷണം പെട്ടെന്ന് ഊർജ്ജമായി മാറുകയും കൊഴുപ്പ് അടിയുന്നത് തടയപ്പെടുകയും ചെയ്യുന്നു. ദഹനപ്രക്രിയ മന്ദഗതിയിലാകുമ്പോഴാണ് ശരീരം കൊഴുപ്പ് സൂക്ഷിച്ചു വെക്കാൻ തുടങ്ങുന്നത്. ചുരുക്കത്തിൽ, ശരീരഭാരം കുറയ്ക്കാനുള്ള ഒരു എളുപ്പവഴിയാണ് തണുത്ത വെള്ളം കുടിക്കുന്നത്. എങ്കിലും, ശാസ്ത്രീയമായ ആഹാരക്രമവും കൃത്യമായ വ്യായാമവും കൂടെപ്പിടിച്ചാൽ മാത്രമേ പൂർണ്ണമായ ഫലം ലഭിക്കുകയുള്ളൂ.




