HEALTH

കണ്ണുകളുടെ വരൾച്ച അകറ്റാൻ ആയുർവേദ വഴികൾ

ഇന്നത്തെ കാലത്ത് സ്മാർട്ട്ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും അമിതമായ ഉപയോഗം മൂലം നിരവധി പേർ അഭിമുഖീകരിക്കുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് ഡ്രൈ ഐ അഥവാ കണ്ണുകളിലെ വരൾച്ച. കണ്ണുനീരിന്റെ ഉത്പാദനത്തിൽ കുറവ് വരികയോ അല്ലെങ്കിൽ കണ്ണുനീരിന്റെ ഗുണനിലവാരം നഷ്ടപ്പെടുകയോ ചെയ്യുമ്പോഴാണ് ഇത്തരം അവസ്ഥകൾ സംജാതമാകുന്നത്. കണ്ണിന്റെ ഉപരിതലത്തെ ഈർപ്പമുള്ളതാക്കി നിലനിർത്തുന്നതിനും അണുബാധകളെ തടയുന്നതിനും കാഴ്ചശക്തി സുഗമമാക്കുന്നതിനും ആവശ്യത്തിന് കണ്ണുനീർ അത്യന്താപേക്ഷിതമാണ്. ഇതിൽ വ്യതിയാനം സംഭവിക്കുമ്പോൾ കണ്ണുകളിൽ അസ്വസ്ഥതയും വരൾച്ചയും അനുഭവപ്പെടുന്നു. വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ലളിതമായ മാർഗ്ഗങ്ങളിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും.

ധാരാളം വെള്ളം കുടിക്കുക എന്നത് ആയുർവേദം എടുത്തു പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ്. ദിവസവും ചുരുങ്ങിയത് ഒന്നര മുതൽ രണ്ട് ലിറ്റർ വരെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. കൂടാതെ, പോഷകസമൃദ്ധമായ പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുള്ള മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കണ്ണുനീരിന്റെ നിലവാരം വർധിപ്പിക്കാൻ ഉത്തമമാണ്. ഒപ്പം, ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ കൃത്യമായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതും കണ്ണിന്റെ വരൾച്ച കുറയ്ക്കാൻ സഹായിക്കും.

വിറ്റാമിൻ സിയുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയാണ് നെല്ലിക്ക. കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ ഒരു പ്രകൃതിദത്ത ഔഷധമാണിത്. നെല്ലിക്ക പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കണ്ണിനുണ്ടാകുന്ന ചുവപ്പും ചൊറിച്ചിലും കുറയ്ക്കാൻ സഹായിക്കുന്നു. ഇതിന്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ കണ്ണിന്റെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നു.

ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്ന നെയ്യ് കണ്ണിലെ വരൾച്ച മാറ്റാൻ ഫലപ്രദമാണ്. അല്പം ശുദ്ധമായ നെയ്യ് എടുത്ത് കൺപോളകളുടെ അരികുകളിൽ പുരട്ടി മൃദുവായി മസാജ് ചെയ്യുന്നത് കണ്ണുകൾക്ക് ചുറ്റുമുള്ള രക്തചംക്രമണം മെച്ചപ്പെടുത്താനും വരൾച്ചയിൽ നിന്ന് മോചനം നൽകാനും സഹായിക്കുന്നു. ഇത് കണ്ണിന് ചുറ്റുമുള്ള ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ആയുർവേദത്തിലെ അത്ഭുത ഔഷധക്കൂട്ടായ ത്രിഫല കണ്ണിന്റെ ആരോഗ്യത്തിന് വളരെയേറെ ഗുണകരമാണ്. നെല്ലിക്ക, താന്നിക്ക, കടുക്ക എന്നിവയുടെ കുരു നീക്കം ചെയ്ത് ഉണക്കിപ്പൊടിച്ചാണ് ത്രിഫല തയ്യാറാക്കുന്നത്. ത്രിഫല വെള്ളത്തിൽ കലക്കി കണ്ണ് കഴുകുന്നത് കണ്ണിന്റെ വീക്കവും വരൾച്ചയും അകറ്റാൻ സഹായിക്കും. ഇതിലെ സ്വാഭാവിക ആൻ്റി ഓക്‌സിഡന്റുകൾ കണ്ണിലെ അസ്വസ്ഥതകൾ കുറയ്ക്കുകയും കണ്ണുനീർ ഉൽപ്പാദനത്തെ സ്വാഭാവികമായി വർധിപ്പിക്കുകയും ചെയ്യുന്നു.

Life Style ⏭️

Back to top button