വൃക്കരോഗം ലക്ഷണങ്ങൾ ചർമത്തിലൂടെ അറിയാം

ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ ചെറുപ്പക്കാരില്‍പ്പോലും വൃക്ക സംബന്ധമായ അസുഖങ്ങള്‍ കണ്ടുവരുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇത്തരം രോഗാവസ്ഥകളുടെ പ്രാരംഭ ലക്ഷണങ്ങള്‍ പലപ്പോഴും നമ്മുടെ ചര്‍മത്തില്‍ പ്രകടമാകാറുണ്ട്. ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്ന പ്രധാനപ്പെട്ട അരിപ്പകളാണ് വൃക്കകള്‍. ഇവയുടെ കാര്യക്ഷമത കുറയുമ്പോള്‍ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ അത് ബാധിക്കുന്നു. പലപ്പോഴും വൃക്ക രോഗങ്ങള്‍ തുടക്കത്തിലേ തിരിച്ചറിയാന്‍ സാധിക്കാറില്ല എന്നതാണ് വലിയൊരു വെല്ലുവിളി. എന്നാല്‍ ചര്‍മത്തിലുണ്ടാകുന്ന ചില വ്യത്യാസങ്ങള്‍ നിരീക്ഷിച്ച് രോഗം നേരത്തെ കണ്ടെത്താനും ചികിത്സ തേടാനും സാധിക്കും.
വരണ്ട ചര്‍മ്മം പലപ്പോഴും വൃക്കരോഗത്തിന്റെ പ്രധാന സൂചനയായി കണക്കാക്കാം. വിട്ടുമാറാത്ത വൃക്കരോഗമുള്ളവരില്‍ ഏകദേശം 72 ശതമാനം പേരും സെറോസിസ് എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. ഇത് ചര്‍മ്മം വരളാനും പരുപരുത്തതാകാനും കാരണമാകുന്നു. വിയർപ്പ് ഗ്രന്ഥികളെയും എണ്ണമയത്തെയും നിയന്ത്രിക്കാന്‍ വൃക്കകള്‍ക്ക് കഴിയാതെ വരുമ്പോഴാണ് ചര്‍മ്മം ഈ രീതിയില്‍ വരണ്ടുപോകുന്നത്. രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് പ്രശ്നങ്ങള്‍ വര്‍ധിക്കും. പ്രത്യേകിച്ചും ഡയാലിസിസ് ചെയ്യുന്നവരില്‍ ഇത്തരം ചര്‍മ്മപ്രശ്നങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. വരൾച്ച മൂലം അനുഭവപ്പെടുന്ന ചൊറിച്ചിൽ പലപ്പോഴും ചര്‍മ്മത്തില്‍ വിള്ളലുകള്‍ വീഴാനും അണുബാധകള്‍ക്ക് വഴിതുറക്കാനും കാരണമാകാം.
ശരീരത്തിലെ ധാതുക്കളുടെ അളവിലുള്ള അസന്തുലിതാവസ്ഥ കൈകളിലും കാലുകളിലും നീര് വരാന്‍ കാരണമാകുന്നു. കൂടാതെ, സന്ധികള്‍ക്ക് സമീപം കാത്സ്യം അടിയുന്നതുമൂലം മുഴകള്‍ ഉണ്ടാവാനും വിരല്ത്തുമ്പുകളില് വേദന അനുഭവപ്പെടാനും സാധ്യതയുണ്ട്. ഇത് ലഘൂകരിക്കാനായി ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കുകയും, കിടക്കുമ്പോള്‍ കാലുകള്‍ അല്പം ഉയര്‍ത്തി വെക്കുകയും ചെയ്യാം. ശരീരഭാരത്തിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങളും ദ്രാവകങ്ങളുടെ അളവും കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. കൃത്യമായ ജലാംശം നിലനിര്‍ത്തുക, അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക, രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രണത്തിലാക്കുക എന്നിവ വൃക്കകളുടെ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്.
വൃക്കരോഗം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ചര്‍മ്മത്തിന്റെ നിറത്തിലും മാറ്റങ്ങള്‍ പ്രകടമാകാം. മാലിന്യങ്ങള്‍ അടിയുന്നതുകാരണം ചര്‍മ്മത്തിന് വിളറിയ, ചാരനിറം, മഞ്ഞ, അല്ലെങ്കില്‍ കടും നിറം വരാം. രോഗികളില്‍ 51 ശതമാനത്തോളം പേരില്‍ ഹൈപ്പർപിഗ്മെന്റേഷൻ കാണാറുണ്ട്. വിളർച്ച കാരണം ചർമ്മത്തിന് നിറം മങ്ങുന്ന അവസ്ഥ 64 ശതമാനം രോഗികളിലും കണ്ടുവരുന്നു. ഇത്തരം നിറവ്യത്യാസങ്ങള്‍ യൂറിയമിയയുടെ വ്യക്തമായ ലക്ഷണമാണ്. സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കുന്നതും, ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ക്രമീകരിക്കുന്നതും ഈ പ്രശ്നങ്ങളെ ഒരു പരിധിവരെ തടയാന്‍ സഹായിക്കും.
വൃക്കരോഗം നല്കുന്ന ഇത്തരം നിശബ്ദ സൂചനകളെ അവഗണിക്കരുത്. പോഷകസമൃദ്ധവും ട്രാൻസ്ഫാറ്റുകളും പഞ്ചസാരയും കുറഞ്ഞതുമായ ഭക്ഷണരീതി പിന്തുടരുക. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെയും ശരീരഭാരം നിയന്ത്രിക്കുന്നതിലൂടെയും വൃക്കകളുടെ പ്രവർത്തനം സുഗമമാക്കാം. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നതും അമിതമായി ഉപ്പ് ഉപയോഗിക്കാതിരിക്കുന്നതും വൃക്കകളെ സുരക്ഷിതമായി നിലനിര്‍ത്താന്‍ സഹായിക്കും. പതിവായ ആരോഗ്യപരിശോധനകളിലൂടെ രോഗം നേരത്തെ തിരിച്ചറിഞ്ഞാല്‍ വലിയൊരു പരിധിവരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തടഞ്ഞുനിര്‍ത്താനാകും.




