HEALTH

ഹൈപ്പോതൈറോയ്ഡും കൊളസ്‌ട്രോളും തമ്മിലുള്ള ബന്ധം: അറിയേണ്ടതെല്ലാം

അമിതമായ കൊളസ്ട്രോളിന് പിന്നിൽ പലപ്പോഴും ഭക്ഷണരീതികളോ ജീവിതശൈലിയോ മാത്രമായിരിക്കണമെന്നില്ല. പലരും തിരിച്ചറിയാതെ പോകുന്ന ഹൈപ്പോതൈറോയ്ഡ് എന്ന അവസ്ഥയും ഇതിന് കാരണമാകാം. ഉയർന്ന കൊളസ്‌ട്രോൾ ബാധിച്ചവരിൽ ഏകദേശം 13 ശതമാനത്തോളം പേർക്ക് തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു, എന്നാൽ പലർക്കും ഇതേക്കുറിച്ച് ധാരണയില്ല എന്നതാണ് വാസ്തവം.

ശരീരത്തിലെ തൈറോയ്ഡ് ഹോർമോണുകളുടെ അളവ് കുറയുമ്പോൾ അത് മെറ്റബോളിസത്തിന്റെ വേഗതയെ കാര്യമായി ബാധിക്കുന്നു. ഈ സാഹചര്യം ശരീരത്തിന് കൊഴുപ്പിനെ കൃത്യമായി വിനിയോഗിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കുകയും, തൽഫലമായി എൽ.ഡി.എൽ (LDL) അഥവാ ‘ചീത്ത’ കൊളസ്ട്രോളിന്റെ തോത് ക്രമാതീതമായി ഉയരുകയും ചെയ്യുന്നു. തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്നുള്ള ടി3, ടി4 ഹോർമോണുകൾ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കുന്നതിൽ നിർണായകമാണ്. രക്തത്തിൽ നിന്ന് അമിതമായ കൊളസ്ട്രോളിനെ നീക്കം ചെയ്യാൻ കരളിനെ സഹായിക്കുന്നത് ഈ ഹോർമോണുകളാണ്. ഹൈപ്പോതൈറോയിഡിസം ബാധിക്കുമ്പോൾ ഈ ഹോർമോണുകളുടെ ഉത്പാദനം കുറയുകയും കരളിന്റെ പ്രവർത്തനം മന്ദഗതിയിലാകുകയും ചെയ്യുന്നു. ഇത് രക്തത്തിലെ കൊഴുപ്പിനെ പുറന്തള്ളുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുന്നു.

ഇത്തരം തടസ്സങ്ങൾ കാലക്രമേണ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാവുകയും, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ മാരകമായ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് വഴിതെളിക്കുകയും ചെയ്യുന്നു. കൂടാതെ, ദഹനപ്രക്രിയയുടെ വേഗത കുറയുന്നതും പിത്തരസത്തിന്റെ ഉത്പാദനത്തിൽ വരുന്ന കുറവും കരളിന്റെ കൊളസ്ട്രോൾ നീക്കം ചെയ്യാനുള്ള കഴിവിനെ ദുർബലപ്പെടുത്തുന്നു. ജീവിതശൈലിയിൽ കൃത്യമായ ശ്രദ്ധ പുലർത്തിയിട്ടും കൊളസ്ട്രോൾ കുറയാത്ത അവസ്ഥയുണ്ടെങ്കിൽ, അതിനുപിന്നിൽ ഹൈപ്പോതൈറോയിഡിസം ഒളിഞ്ഞിരിപ്പുണ്ടാകാം.

മറുവശത്ത്, തൈറോയ്ഡ് ഹോർമോണുകൾ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന ഹൈപ്പർതൈറോയിഡിസം നേരെ വിപരീതമായ ഫലമാണ് ഉണ്ടാക്കുക. ഇത് മെറ്റബോളിസം വർധിപ്പിക്കുകയും കൊളസ്ട്രോളിന്റെ അളവ് അമിതമായി കുറയുന്നതിനും കാരണമാകുന്നു. അതിനാൽ, കൊളസ്ട്രോൾ നിലയിൽ സ്ഥിരതയില്ലാത്തവർ തൈറോയ്ഡ് പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. അമിതമായ ക്ഷീണം, തണുപ്പിനെ പ്രതിരോധിക്കാനുള്ള ശേഷിക്കുറവ്, അകാരണമായ ശരീരഭാരം കൂടൽ, ചർമ്മത്തിലെ വരൾച്ച തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാണെങ്കിൽ അലംഭാവം കാണിക്കരുത്.

ഭക്ഷണക്രമീകരണങ്ങൾ നടത്തിയിട്ടും കൊളസ്ട്രോൾ നിയന്ത്രണവിധേയമാകുന്നില്ലെങ്കിൽ ഒരു ഡോക്ടറുടെ സേവനം തേടുക. നേരത്തെയുള്ള രോഗനിർണയവും ശാസ്ത്രീയമായ ചികിത്സയും വഴി തൈറോയ്ഡ് ഹോർമോണുകളെയും കൊളസ്ട്രോളിനെയും കൃത്യമായ നിലയിൽ നിലനിർത്താൻ സാധിക്കും. ഇത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും മികച്ച ജീവിതനിലവാരം ഉറപ്പാക്കാനും സഹായിക്കുന്നു.

Life Style ⏭️

Back to top button