HEALTH

ഇന്ത്യയിലെ യുവാക്കളിൽ വർധിച്ചുവരുന്ന ക്യാൻസർ: കാരണങ്ങൾ എന്തെല്ലാം?

ഇന്ത്യയിലെ യുവാക്കൾക്കിടയിൽ ക്യാൻസർ ബാധ വർധിച്ചുവരുന്നതായുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സമീപകാല പഠനങ്ങൾ പുറത്തുവിടുന്നത്. നേരത്തെ അൻപത് വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ മാത്രം കണ്ടുവന്നിരുന്ന ക്യാൻസർ കേസുകൾ ഇപ്പോൾ ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരിൽ പോലും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. യുവാക്കളിൽ രോഗം പെട്ടെന്ന് മൂർച്ഛിക്കുകയും പലപ്പോഴും കൃത്യസമയത്ത് തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. ഇതിന്റെ കാരണങ്ങളെക്കുറിച്ചും ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും ഷാലിമാർ ബാഗിലെ മാക്സ് ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജി വിഭാഗം കൺസൾട്ടന്റും യൂണിറ്റ് ഹെഡുമായ ഡോ. അഭിനവ് നർവാരിയ വിശദീകരിക്കുന്നു.

കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടുകൾക്കിടയിൽ നമ്മുടെ ജീവിതരീതിയിൽ അങ്ങേയറ്റത്തെ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. നഗരപ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർ മണിക്കൂറുകളോളം ഒരേയിരുപ്പിൽ സമയം ചെലവഴിക്കുന്നു. കൂടാതെ അമിതമായ പഞ്ചസാരയുടെ ഉപയോഗം, സംസ്കരിച്ച ഭക്ഷണങ്ങളുടെ കടന്നുകയറ്റം, ഉറക്കക്കുറവ്, മദ്യപാനം, അമിതമായ മാനസിക പിരിമുറുക്കം എന്നിവയും വർധിച്ചു. വിശേഷിച്ച് ഭക്ഷണശീലങ്ങൾ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. പാക്കറ്റുകളിൽ ലഭിക്കുന്ന സ്നാക്സുകൾ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ, നാരുകൾ തീരെ കുറഞ്ഞ ഭക്ഷണസാധനങ്ങൾ എന്നിവ ശീലമാക്കുന്നത് വൻകുടൽ, ആമാശയം എന്നിവയെ ബാധിക്കുന്ന ക്യാൻസറുകൾക്ക് വഴിയൊരുക്കുന്നു. ചിട്ടയില്ലാത്ത ഭക്ഷണക്രമവും ആവശ്യമില്ലാതെ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നതും മനുഷ്യന്റെ പ്രതിരോധശേഷിയെ ദുർബലപ്പെടുത്തുന്നു.

ഇന്ത്യയിലെ അതിരൂക്ഷമായ വായുമലിനീകരണം മറ്റൊരു ഭീഷണിയാണ്. ശ്വസനത്തിലൂടെ ശരീരത്തിലെത്തുന്ന PM2.5 പോലുള്ള മാരക വിഷാംശങ്ങൾ കോശങ്ങളിൽ വീക്കം ഉണ്ടാക്കുകയും ഡിഎൻഎയെ തകരാറിലാക്കുകയും ചെയ്യുന്നു. പുകവലി ശീലമില്ലാത്ത ചെറുപ്പക്കാരിൽ പോലും ശ്വാസകോശ ക്യാൻസർ കണ്ടുവരുന്നത് ഇതിന്റെ തെളിവാണ്. ഗ്രാമപ്രദേശങ്ങളിൽ വിറകടുപ്പിൽ നിന്നുള്ള പുകയും വായുസഞ്ചാരമില്ലാത്ത അടുക്കളകളും ക്യാൻസർ ഭീഷണി വർധിപ്പിക്കുന്നു. ജനിതകപരമായ ഘടകങ്ങൾ ചെറിയൊരു പങ്കുവഹിക്കുന്നുണ്ടെങ്കിലും ജീവിതശൈലിയിലെ പിഴവുകളാണ് മിക്കവാറും രോഗത്തെ ക്ഷണിച്ചുവരുത്തുന്നത്.

രോഗലക്ഷണങ്ങളെ അവഗണിക്കുന്നതാണ് ചെറുപ്പക്കാർ നേരിടുന്ന പ്രധാന വെല്ലുവിളി. അകാരണമായ ഭാരക്കുറവ്, ശരീരവേദന, വിട്ടുമാറാത്ത ചുമ, മലവിസർജ്ജനത്തിലുണ്ടാകുന്ന മാറ്റങ്ങൾ, വായ്പ്പുണ്ണ്, മലദ്വാരത്തിൽ നിന്നുള്ള രക്തസ്രാവം, സ്തനങ്ങളിൽ അനുഭവപ്പെടുന്ന മുഴകൾ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുമ്പോഴും ‘തങ്ങൾക്ക് പ്രായമായിട്ടില്ല’ എന്ന ചിന്തയിൽ യുവാക്കൾ ഇത് അവഗണിക്കുന്നു. ചികിത്സ തേടുമ്പോഴേക്കും രോഗം വല്ലാതെ മൂർച്ഛിച്ച അവസ്ഥയിലായിരിക്കും. അതിനാൽ, പരിഭ്രമിക്കാതെ ആരോഗ്യപരമായ മുൻകരുതലുകൾ സ്വീകരിക്കേണ്ട സമയമാണിത്. ലഹരിവസ്തുക്കളിൽ നിന്ന് വിട്ടുനിൽക്കുക, ചിട്ടയായ വ്യായാമം ശീലിക്കുക, കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനകൾ നടത്തുക എന്നിവ വഴി ക്യാൻസർ സാധ്യത വലിയൊരു പരിധിവരെ കുറയ്ക്കാം. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ട് മുൻകരുതൽ സ്വീകരിക്കുന്നത് ഒട്ടേറെ യുവാക്കളുടെ ജീവൻ സംരക്ഷിക്കാൻ സഹായകമാകും.

Life Style ⏭️

Back to top button