കഥ പറഞ്ഞ് കാലത്തെ കീഴടക്കിയ കലാജീവിതം… കടയ്ക്കോട് ബി സാംബശിവൻ

പതിനാറാം വയസ്സിൽ ജ്യേഷ്ഠനൊപ്പം വേദിയിലെത്തി; പിന്നീട് അയ്യായിരത്തോളം വേദികളിൽ കഥ പറഞ്ഞു… കഥാപ്രസംഗ കലയ്ക്ക് ജീവിതം സമർപ്പിച്ച അധ്യാപക കലാകാരൻ

നൂറുകണക്കിന് കാത്തിരിക്കുന്ന ആസ്വാദകർക്ക് മുന്നിൽ ഹാർമോണിയത്തിന്റെയും തബലയുടെയും ക്ലാർനെറ്റിന്റെയും താളത്തിനൊത്ത് പ്രശസ്ത കാഥികൻ കടയ്ക്കോട് വിശ്വംഭരൻ പാടിത്തുടങ്ങുന്നു.
“പലയുഗം തന്റെ തീരത്തിലൂടെ പദയുഗം വച്ച് കടന്നുപോയി.മുകിൽ വർണൻ കാളിന്ദി തന്റെ പുത്രൻ മുനിയായ് കുറിച്ചിട്ട കാവ്യധാര”
തൊട്ടുപിന്നാലെ ഒരു കൊച്ചുകുട്ടിയും മനോഹരമായി ഏറ്റുപാടുന്നു..ആ ബാലനായിരുന്നു കടയ്ക്കോട് ബി സാംബശിവൻ
ജ്യേഷ്ഠനൊപ്പം വേദികളിൽനിന്ന് വേദികളിലേക്ക് സഞ്ചരിച്ച ആ കുട്ടി കഥ പറയാനും സദസ്സിന്റെ മനസ്സ് കീഴടക്കാനും പഠിച്ചു. കാലം കടന്നുപോയപ്പോൾ ആ യുവ മനസ്സിൽ ഒരു വലിയ മോഹം വളർന്നു. സ്വതന്ത്രമായി കഥാപ്രസംഗം അവതരിപ്പിക്കണം. ആ മോഹത്തിന് പിന്നാലെ സഞ്ചരിച്ച ബാലൻ പിന്നീട് കഥാപ്രസംഗ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ന് അയ്യായിരത്തോളം വേദികളിൽ അമ്പതോളം കഥകൾക്ക് ജീവൻ നൽകുകയും ചെയ്ത കലാകാരനാണ് കടയ്ക്കോട് ബി. സാംബശിവൻ.
കലാപാരമ്പര്യമുള്ള കുടുംബത്തിൽ ജനനം

കൊല്ലം ജില്ലയിൽ കടയ്ക്കോട് കൊച്ചുമണ്ണാരഴികത്ത് ലയ വിദ്വാനായിരുന്ന ജി. ഭാർഗവന്റെയും സംഗീത വിദുഷി എൻ. നാരായണിയുടെയും മകനായാണ് സാംബശിവന്റെ ജനനം. തുടക്കത്തിൽ ‘എഴുകോൺ സാംബശിവൻ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് കടയ്ക്കോട് ബി സാംബശിവൻ എന്ന പേരിൽ അറിയപ്പെടുകയായിരുന്നു.
കലയും സംഗീതവും നിറഞ്ഞ കുടുംബാന്തരീക്ഷം ചെറുപ്പംമുതൽ അദ്ദേഹത്തിന് കലാപ്രവർത്തനങ്ങളോടുള്ള ആഭിമുഖ്യം വളർത്തി. ജ്യേഷ്ഠൻ കടയ്ക്കോട് വിശ്വംഭരനൊപ്പം വേദികളിലെത്തിയ അനുഭവങ്ങളാണ് കഥാപ്രസംഗ ലോകത്തേക്കുള്ള ആദ്യ ചുവടുകൾക്ക് പ്രചോദനമായത്.
വിദ്യാഭ്യാസവും അധ്യാപന ജീവിതവും
എഴുകോൺ സംസ്കൃത സ്കൂളിലായിരുന്നു പത്താം ക്ലാസ് വരെയുള്ള പഠനം. സ്കൂൾ കലോത്സവങ്ങളിൽ മികച്ച നടനായി നിരവധി തവണ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് സംസ്കൃത വിദ്വാൻ ബിരുദം നേടി. തുടർന്ന് ഇരുമ്പനങ്ങാട് എ.ഇ.പി.എം.ഹയർ സെക്കണ്ടറി സ്കൂളിൽ സംസ്കൃത അധ്യാപകനായി ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചു.
അധ്യാപനത്തോടൊപ്പം പഠനവും തുടർന്ന അദ്ദേഹം ബി.എയും ബി.എഡും കരസ്ഥമാക്കി. 33 വർഷം അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് ഹെഡ് മാസ്റ്ററുമായി.സ്കൗട്ട്, എൻ.സി.സി. പ്രവർത്തനങ്ങളിലും വിവിധ പാഠ്യേതര പരിപാടികളിലും സാമൂഹിക സേവന പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്ത് വിദ്യാർത്ഥികളുടെ സമഗ്രവളർച്ചയ്ക്കും സമൂഹനന്മയ്ക്കും അദ്ദേഹം ശ്രദ്ധ നൽകി.അധ്യാപനവും കലാപ്രവർത്തനവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോയ സാംബശിവന്റെ ജീവിതം പുതിയ തലമുറയ്ക്ക് മാതൃകയാണ്. അറിവ് പകർന്നുനൽകിയ അധ്യാപകനൊപ്പം കഥകളിലൂടെ ജീവിതവും ചരിത്രവും പകർന്നുനൽകിയ കലാകാരൻ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായി.
പതിനാറാം വയസ്സിലെ തുടക്കം; 1977ൽ സ്വതന്ത്ര കഥാപ്രസംഗം

ചെറുപ്രായത്തിൽതന്നെ വേദികളിലെത്തിയ സാംബശിവന്റെ മനസ്സിൽ സ്വതന്ത്രമായി കഥാപ്രസംഗം അവതരിപ്പിക്കണമെന്ന ആഗ്രഹം ശക്തമായിരുന്നു. ആ ആഗ്രഹം സാക്ഷാത്കരിച്ചത് 1977ലാണ്. കടയ്ക്കോട് മണ്ണൂർക്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവവേദിയിലായിരുന്നു അദ്ദേഹത്തിന്റെ സ്വതന്ത്ര കഥാപ്രസംഗ അരങ്ങേറ്റം.
ആദ്യ അവതരണത്തിലൂടെ തന്നെ ശ്രദ്ധ നേടിയ അദ്ദേഹം പിന്നീട് നിരവധി വേദികളിലേക്ക് ക്ഷണിക്കപ്പെട്ടു. മണ്ണൂർക്കാവ് ക്ഷേത്രപ്പറമ്പിൽനിന്ന് ആരംഭിച്ച ആ കലായാത്ര ഇന്നും അവസാനിച്ചിട്ടില്ല.
ഹൃദയങ്ങളിൽ ഇടം നേടിയ ‘നീലക്കടമ്പ്’

കടയ്ക്കോട് ബി സാംബശിവന്റെ കലാജീവിതത്തിലെ ശ്രദ്ധേയമായ കഥകളിലൊന്നാണ് ‘നീലക്കടമ്പ്’. ആദ്യകാല അവതരണത്തിൽതന്നെ പ്രേക്ഷകരുടെ വലിയ സ്വീകാര്യത നേടിയ ഈ കഥ അദ്ദേഹത്തിന് നിരവധി പുതിയ വേദികളിലേക്കുള്ള വഴിതുറന്നു.
“ആർഷ സംസ്കൃതിയുടെ കളിത്തൊട്ടിലായി ഋഷിപ്രോക്തമാം വേദങ്ങൾക്ക് വളർത്തമ്മയായ്, ഗംഗ കാളിദാസനെ പെറ്റ മണ്ണിലൂടെ അനശ്വര കാവ്യതീർത്ഥം പോലൊഴുകുന്നു..”
പ്രശസ്ത കവിയും എഴുത്തുകാരനുമായ ഏറ്റുമാനൂർ സോമദാസന്റെ ഈ വരികൾ നീലക്കടമ്പിനെ കൂടുതൽ മനോഹരമാക്കി.
സാധാരണയായി കഥാപ്രസംഗം നടക്കുമ്പോൾ സദസ്സ് നിശ്ശബ്ദമായി കഥ കേൾക്കുകയാണ് പതിവ്. എന്നാൽ ‘നീലക്കടമ്പ്’ അവതരിപ്പിച്ചപ്പോൾ സദസ്സ് ആ ചെറുപ്പക്കാരനൊപ്പം പാട്ടുപാടി. കഥ അവസാനിച്ച ഉടൻ മറ്റു ക്ഷേത്ര ഭാരവാഹികൾ അടുത്ത പരിപാടികൾക്കുള്ള ബുക്കിംഗുമായി വേദിക്ക് പിന്നിലെത്തിയതും ആ അവതരണത്തിന്റെ ജനപ്രീതിക്ക് തെളിവായി.
നീലക്കടമ്പ് മുതൽ താമസി വരെ; ശ്രദ്ധേയമായ കഥകൾ

ചരിത്രവും സാഹിത്യവും സാമൂഹിക ജീവിതവും പ്രമേയമാക്കിയ നിരവധി കഥകൾക്ക് അദ്ദേഹം തന്റെ അവതരണത്തിലൂടെ പുതുജീവൻ നൽകി.
സ്വാതിതിരുനാൾ, നീലക്കടമ്പ്, കിളിവന്ന് വിളിച്ചപ്പോൾ, സബർമതി അകലെ, മൂന്ന് സ്ത്രീകൾ, അച്ഛനും മകളും, സീതതുരുത്ത് ,ശ്രീനാരായണഗുരു, സുഭദ്ര,പുള്ളിമാൻ,ആശ്രയം,ലില്ലി,മറ്റൊരു സീത,നിഴൽകുത്ത്,ഭാരത യുദ്ധം,താമസി,മുത്ത് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കഥകൾ.
സ്വാതിതിരുനാളിന്റെ ജീവിതം ആസ്പദമാക്കിയ കഥ ഏകദേശം രണ്ടായിരത്തോളം വേദികളിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
“പത്മതീർത്ഥത്തിൽ നീരാടി പഴയകാല സ്മൃതിചൂടി പത്മനാഭ പെരുമാളിൻ പടികൾ ഞങ്ങൾ ചവിട്ടി ക്ഷേത്ര പടികൾ ഞങ്ങൾ ചവിട്ടി…”
തിരുവിതാംകൂറിന്റെ ചരിത്രവും പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പശ്ചാത്തലവും ഉൾക്കൊള്ളുന്ന അവതരണം ആസ്വാദകരുടെ മനസ്സിൽ പ്രത്യേക ഇടം നേടി.
മലവർഗക്കാരുടെ ഇടയിൽ മാവാരതം പാട്ട് എന്ന പേരിൽ പ്രചാരത്തിലുള്ള നാടൻപാട്ട് ആസ്പദമാക്കി നിഴൽകുത്ത് എന്ന കഥയിലെ നായിക മലയത്തിയുടെ അവതരണം വളരെ ശ്രദ്ധേയമാണ്.
“കറുത്തവാവിൻ നിറമാണ് കറുപ്പിന് ഏഴഴകാണ് അടിമുടി പൂത്തത് പോലാണ് അവളോ കാടിൻ മകളാണ്.”
‘പുള്ളിമാൻ’ എന്ന കഥ മലയാളികളുടെ മനസ്സിൽ പ്രണയത്തിന്റെ കുളിർമഴ പെയ്യിച്ച അവതരണങ്ങളിലൊന്നാണ്.നായകൻ ദേവയ്യൻ നായിക പാർവതിയെ കാത്തുനിൽക്കുന്ന സന്ദർഭം.
“തുള്ളിക്കളിച്ചെന്ത് വന്നണയാൻ പുള്ളിമാനേ തവ താമസം നിൻകര തക്കത്തിൻ വേട്ടയാടാൻ തങ്കമനേചുറ്റി നിൽപൂഞാൻ”
സാമൂഹിക യാഥാർഥ്യങ്ങൾ പറയുന്ന കഥകൾ
വിനോദത്തിനപ്പുറം സമൂഹത്തിലെ യാഥാർഥ്യങ്ങളും ജീവിതത്തിലെ വൈരുധ്യങ്ങളും അവതരിപ്പിക്കുന്നതിലും സാംബശിവൻ ശ്രദ്ധിച്ചു. ആദിവാസികളുടെ വിദ്യാഭ്യാസം, രോഗികളുടെ ചികിത്സ, മനുഷ്യാവകാശം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങൾ കഥകളിലൂടെ അവതരിപ്പിച്ചു.
“അക്ഷരം മഹിതമാകും അക്ഷരം അറിവാകും വിണ്ണിലെ വെൺമണിതാരകം അക്ഷരം പഠിച്ചിടാത്തൊരൂഴിയിൽ നഷ്ടഭാഗ്യരവരെ ഉദ്ധരിക്കണം.”
‘കിളിവന്ന് വിളിച്ചപ്പോൾ’ എന്ന കഥയിലൂടെ ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസവും ജീവിതവും ചർച്ചാവിഷയമാക്കി. അക്ഷരജ്ഞാനത്തിന്റെ പ്രാധാന്യവും അറിവിന്റെ വെളിച്ചം എല്ലാവരിലേക്കും എത്തേണ്ടതിന്റെ ആവശ്യകതയും കഥയിലൂടെ ഓർമ്മിപ്പിച്ചു.
കഥ കേൾക്കുന്നവരുടെ മനസ്സിൽ ചിന്തയുടെ വിത്തുകൾ പാകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ അവതരണങ്ങളുടെ പ്രധാന സവിശേഷത.
പുരസ്കാരങ്ങളും അംഗീകാരങ്ങളും

കലാരംഗത്തെയും അധ്യാപനരംഗത്തെയും പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
മികച്ച കഥാപ്രസംഗകനുള്ള അധ്യാപക കലാവേദി പുരസ്കാരം.
മികച്ച അധ്യാപകനുള്ള അധ്യാപക കലാസാഹിത്യ സമിതിയുടെ അവാർഡ്.
കടക്കോട് വിശ്വംഭരൻ ഫൗണ്ടേഷൻ പുരസ്ക്കാരങ്ങൾ, ഇരുമ്പനങ്ങാട് AEPMHSS NSS യൂണിറ്റിന്റെ ആദരവ്,എഴുകോൺ ഗവ.എൽ പി സ്കൂളിന്റെ ആദരവ്,പത്രാധിപർ കെ.സുകുമാരൻ പുരസ്ക്കാരം,നന്മ കൂട്ടായ്മയുടെ ആദരവ്,തുടങ്ങി നിരവധി സാമൂഹിക സാംസ്ക്കാരിക സംഘടനകളുടെ പുരസ്കാരങ്ങളും ആദരവും ലഭിച്ചിട്ടുണ്ട്.
അധ്യാപകനായും കഥാപ്രസംഗകനായും ഒരുപോലെ മികവു തെളിയിച്ച അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരങ്ങളാണിവ.
ആകാശവാണിയിലും ദൂരദർശനിലും കലയുടെ സാന്നിധ്യം

വേദികളിൽ മാത്രം ഒതുങ്ങിനിന്നില്ല കടയ്ക്കോട് ബി സാംബശിവന്റെ കലാജീവിതം. ആകാശവാണിയിലൂടെയും ദൂരദർശനിലൂടെയും അദ്ദേഹത്തിന്റെ കഥാപ്രസംഗങ്ങൾ ആസ്വാദകരിലേക്കെത്തി.
1981ൽ ആദ്യമായി ആകാശവാണിയിൽ കഥ അവതരിപ്പിച്ച അദ്ദേഹം പിന്നീട് 45 ഓളം കഥകൾ റേഡിയോയിലൂടെ അവതരിപ്പിച്ചു.ഈ വർഷം തിരുവനന്തപുരം ആകാശവാണിയിൽ പ്രക്ഷേപണം ചെയ്ത മഹാഭാരതം,ബംഗാളി നോവലായ താമസി എന്നീ കഥകൾ വളരെയധികം ജനശ്രദ്ധ ആകർഷിച്ചതാണ്.വ്യത്യസ്തമായ പ്രമേയവും വേറിട്ട ശൈലിയും ഉൾപ്പെടുത്തി പുതിയ കഥയുടെ പണിപ്പുരയിലാണ് അദ്ദേഹം.
ദൂരദർശനിലും നിരവധി കഥാപ്രസംഗങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചു.
കഥാപ്രസംഗത്തിന്റെ അവതരണത്തിന് ആവശ്യമായ അക്ഷരസ്ഫുടതയും ഭാഷാശുദ്ധിയും ശബ്ദനിയന്ത്രണവും അദ്ദേഹത്തിന്റെ പ്രധാന സവിശേഷതകളാണ്.
35 വർഷത്തിലേറെയായി കലോത്സവ വേദികളിൽ
കഥാപ്രസംഗ കലാകാരൻ എന്ന നിലയിൽ മാത്രമല്ല, പുതുതലമുറയിലെ കലാപ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം നൽകിയ സംഭാവനയും ശ്രദ്ധേയമാണ്.
കഴിഞ്ഞ 35 വർഷമായി സ്കൂൾ കലോത്സവങ്ങളിലെ വിവിധ ഇനങ്ങളുടെ വിധികർത്താവായി പ്രവർത്തിച്ചുവരുന്നു. കലയുടെ മൂല്യവും അവതരണത്തിന്റെ നിലവാരവും തിരിച്ചറിയുന്ന അനുഭവസമ്പത്ത് പുതുതലമുറയിലെ വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്.
കുടുംബം; കലാജീവിതത്തിന് കരുത്തായ സാന്നിധ്യം

ഔദ്യോഗിക ജീവിതത്തിലും കലാരംഗത്തും ഒരുപോലെ സജീവമായിരുന്ന കടയ്ക്കോട് ബി സാംബശിവന്റെ യാത്രയിൽ കുടുംബത്തിന്റെ പിന്തുണയും നിർണായകമായിരുന്നു.കൊല്ലം ജില്ലയിൽ എഴുകോൺ അമ്പിളി ഭവനിലാണ് താമസം.റിട്ട.അദ്ധ്യാപിക ജി.കനകമ്മയാണ് ഭാര്യ. ഹൈസ്കൂൾ അധ്യാപികയായ അമ്പിളി കെ.എസ്., ഹയർ സെക്കൻഡറി അധ്യാപികയായ ശുഭേന്ദു.കെ.എസ് എന്നിവരാണ് മക്കൾ. ബിസിനസ്സ് നടത്തുന്ന ബോസ്,സി.ആർ.പി.എഫ് അസി.കമാൻഡർ രതീഷ് മരുമക്കളും ആദിത്യബോസ്,ആനന്ദബോസ്,അനഘ.ആർ.എസ് എന്നിവർ കൊച്ചുമക്കളുമാണ്.
കഥകൾ അവസാനിക്കുന്നില്ല; കലയുടെ യാത്രയും

കടയ്ക്കോട് ബി സാംബശിവനും സഹധർമ്മിണി ജി കനകമ്മയും
16 വയസ്സിൽ വേദിയിലെത്തിയ ഒരു ബാലൻ, പിന്നീട് അയ്യായിരത്തോളം വേദികളിൽ കഥകൾ അവതരിപ്പിച്ച കലാകാരനായി വളർന്നത് കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും നേർസാക്ഷ്യമാണ്.
കഥാപ്രസംഗം കേവലം ഒരു കലാരൂപമല്ലെന്നും ചരിത്രവും സാഹിത്യവും സാമൂഹിക ബോധവും ജനങ്ങളിലേക്ക് എത്തിക്കുന്ന ശക്തമായ മാധ്യമമാണെന്നും തന്റെ പ്രവർത്തനങ്ങളിലൂടെ അദ്ദേഹം തെളിയിക്കുന്നു.
കഥയുടെ യാത്ര ഇന്നും തുടരുകയാണ്. കഥകളിലൂടെ തലമുറകളുടെ മനസ്സിൽ ഇടം നേടിയ കടയ്ക്കോട് ബി. സാംബശിവൻ — കഥാപ്രസംഗ കലയുടെ ഓർമ്മകളിൽ തന്റേതായ അധ്യായം എഴുതിച്ചേർത്ത കലാകാരൻ…




