NEWS

ഡേറ്റിങ് വെബ്സൈറ്റ് തട്ടിപ്പ്: ഡോക്ടർക്ക് നഷ്ടമായത് 32 ലക്ഷം രൂപ

കണ്ണൂർ നഗരത്തിൽ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ വിളയാട്ടം തുടരുന്നു. സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 33.43 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പുകളാണ്. രണ്ട് വ്യത്യസ്ത കേസുകളിലായാണ് ഇത്രയും വലിയ തുക തട്ടിപ്പുകാർ കൈക്കലാക്കിയത്. ഡേറ്റിങ് സൈറ്റിൽ അംഗമായ ഒരു ഡോക്ടർക്ക് 32 ലക്ഷം രൂപയും, സംശയകരമായ എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്ത വയോധികന് ഒരു ലക്ഷം രൂപയുമാണ് നഷ്ടമായത്.

മയ്യിൽ സ്വദേശിയായ 37 വയസ്സുകാരനായ ഡോക്ടറെയാണ് തട്ടിപ്പുകാർ വലയിൽ വീഴ്ത്തിയത്. വാട്സാപ്പ് വഴി ബന്ധപ്പെട്ട സംഘം, ഡേറ്റിങ് വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യുന്നതിനായി 3600 രൂപയും, തുടർന്ന് താൽപ്പര്യമുള്ള സ്ത്രീകളുടെ വിവരങ്ങൾ പങ്കുവെക്കാമെന്ന് വാഗ്ദാനം ചെയ്ത് 10,590 രൂപയും വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിച്ചു. നിക്ഷേപിച്ച തുക പിന്നീട് തിരികെ ലഭിക്കുമെന്ന വ്യാജേനയാണ് ഇവർ ഡോക്ടറെ വിശ്വസിപ്പിച്ചത്. ഇതിനുശേഷം പലവിധ കാരണങ്ങൾ നിരത്തി, ഡോക്ടറുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ആകെ 32.43 ലക്ഷം രൂപ പ്രതികൾ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് മാറ്റാൻ ഇവർ നിർബന്ധിക്കുകയായിരുന്നു. പണം മടക്കി നൽകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വൻ തുക തട്ടിയെടുത്തുവെന്നാണ് ഡോക്ടറുടെ പരാതി.

Fashion ⏭️

Back to top button