NEWS

കാട്ടുപന്നിയുടെ ഭീഷണി: ആറു മണിക്കൂർ പരിഭ്രാന്തിയിൽ നാട്ടുകാർ

കൊല്ലം വള്ളിക്കീഴ് മേഖലയിൽ തിങ്കളാഴ്ച രാത്രി പരിഭ്രാന്തി പരത്തിയ കാട്ടുപന്നിയെ കണ്ടെത്താനുള്ള നീക്കങ്ങൾ പരാജയപ്പെട്ടു. നീണ്ട ആറു മണിക്കൂറോളം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയ വന്യമൃഗത്തെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശ്രമങ്ങൾക്കൊന്നും ഫലമുണ്ടായില്ല. പൂമുഖത്ത് ക്ഷേത്രത്തിന് സമീപം ഭീതി വിതച്ച പന്നി, പിന്നീട് പള്ളിക്കാവ് വട്ടക്കായൽ ഭാഗത്തേക്ക് ഓടിമറഞ്ഞതായാണ് നാട്ടുകാർ നൽകുന്ന വിവരം.

ഈ ആക്രമണ പരമ്പരയിൽ ആറുപേർക്ക് പരിക്കേറ്റു. ഇതിൽ വള്ളിക്കീഴ് കെഎസ്ഇബി നഗർ പൂമുഖത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്രീലയത്തിൽ വേലായുധൻ കുട്ടിയുടെ (65) നില ഗുരുതരമാണ്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. കൂടാതെ, വള്ളിക്കീഴ് തൈക്കൂട്ടത്തിൽ വീട്ടിൽ കെ.രാജഗോപാൽ (58), ഗോകുലത്തിൽ ബി.ജയകുമാർ, മരുത്തടി സ്വദേശികളായ അനന്തു, ജെ.ഹരികൃഷ്ണൻ, വള്ളിക്കീഴ് ജംക്‌ഷനിൽ നിന്ന ഒരാൾ, ടൗൺ റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വ്യക്തി എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. അക്രമകാരിയായ പന്നി പല വാഹനങ്ങളും തകർക്കുകയും വീടിന്റെ ഗേറ്റ് അടിച്ചുതകർക്കുകയും ചെയ്തു. രണ്ടുദിവസം മുൻപും വള്ളിക്കീഴ് ക്ഷേത്ര പരിസരത്ത് ഈ കാട്ടുപന്നിയെ കണ്ടതായി പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.

രാത്രി 11.30-ഓടെ നാട്ടുകാർ കൂട്ടമായി ചേർന്ന് തിരച്ചിൽ ശക്തമാക്കി. നാട്ടുകാരുടെ ബഹളത്തെ തുടർന്ന് പരിഭ്രമിച്ച പന്നി പറമ്പിൽ നിന്നും വീണ്ടും പൂമുഖത്ത് ക്ഷേത്രത്തിന് സമീപത്തേക്ക് കുതിച്ചു. ഈ സമയത്ത് സ്കൂട്ടറിലും ബൈക്കിലുമായി എത്തിയ മരുത്തടി സ്വദേശികളായ അനന്തുവിനെയും ജെ.ഹരികൃഷ്ണനെയും പന്നി ഇടിച്ചു വീഴ്ത്തി. സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു ബൈക്കും തകർത്ത ശേഷം, ഒരു ഇടവഴിയിലൂടെ കുതിച്ചെത്തിയ പന്നി വീടിന്റെ ഗേറ്റ് തകർത്ത് പള്ളിക്കാവ് വട്ടക്കായൽ ഭാഗത്തേക്ക് ഓടിപ്പോവുകയായിരുന്നു.

രാത്രി 12 മണിയോടെ വനംവകുപ്പിലെ കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ വ്യാപിപ്പിച്ചെങ്കിലും കാട്ടുപന്നിയെ കണ്ടെത്താൻ സാധിച്ചില്ല.

Fashion ⏭️

Back to top button