ലഷ്കർ ഭീകരൻ ലത്തീഫ് ഭട്ട് സൈന്യത്തിന്റെ പിടിയിൽ: കീഴടങ്ങാൻ നിർദേശിച്ച് വിഡിയോ കോൾ

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന ഏറ്റുമുട്ടലിൽ ലഷ്കറെ തയിബയുടെ മുതിർന്ന കമാൻഡർ ലത്തീഫ് ഭട്ട് കുടുങ്ങിയതായി റിപ്പോർട്ട്. കഴിഞ്ഞ നവംബർ 11-ന് സിആർപിഎഫ് ചെക്ക്‌പോസ്റ്റിനുനേരെ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഇയാളാണെന്ന് സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിരുന്നു. ലത്തീഫ് ഭട്ട് ഒളിച്ചിരുന്ന കേന്ദ്രം വളഞ്ഞ സുരക്ഷാ സേന, വിഡിയോ കോൾ വഴി കീഴടങ്ങാൻ നിർദ്ദേശം നൽകിയതായി എൻഡിടിവി പുറത്തുവിട്ട വാർത്തയിൽ വ്യക്തമാക്കുന്നു. കീഴടങ്ങാൻ ആവശ്യപ്പെട്ടുകൊണ്ട് ഉദ്യോഗസ്ഥൻ ഭട്ടിനോട് സംസാരിക്കുന്നതും ‘ഞങ്ങൾ കൂടെയുണ്ട്’ എന്ന് ഉറപ്പുനൽകുന്നതുമായ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. നിലവിൽ ഈ പ്രദേശത്ത് ശക്തമായ വെടിവെപ്പ് തുടരുകയാണെന്നാണ് വിവരം.
കുൽഗാമിൽ കഴിഞ്ഞദിവസം സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ച ഉമർ നിസാർ ദർ, ലത്തീഫ് ഭട്ടിന് ആറു മാസത്തോളം അഭയം നൽകിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച കുൽഗാമിലെ സിആർപിഎഫ് പോസ്റ്റിൽ ഇരുവരും ചേർന്ന് ആക്രമണം നടത്തിയിരുന്നു. ലാറു ബൈപ്പാസിനു സമീപമുള്ള ഒരു സ്കൂൾ കെട്ടിടത്തിൽ ഒളിച്ചിരിക്കുകയായിരുന്ന ഉമറിനെ വളഞ്ഞാണ് സേന വധിച്ചത്. ആ ഏറ്റുമുട്ടലിൽ ലത്തീഫ് ഭട്ടും കൊല്ലപ്പെട്ടുവെന്ന് ആദ്യം അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും, പരിക്കേറ്റ നിലയിൽ ഇയാൾ രക്ഷപ്പെടുകയായിരുന്നുവെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ ഡ്രോണുകളുടെ സഹായത്തോടെ ഊർജിതമായ തിരച്ചിൽ പുരോഗമിക്കുകയാണ്.




