NEWS

യുഎസിൽ ഇറാൻ്റെ ‘ഡേർട്ടി ബോംബ്’ ഭീഷണി; പ്രമുഖരെ ലക്ഷ്യമിട്ടുള്ള നീക്കത്തിൽ നിർമാണ വസ്തുക്കൾ കടത്തിയെന്ന് റിപ്പോർട്ട്

യുഎസ് തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിൽ റേഡിയോ ആക്ടീവ് വികിരണങ്ങൾ വമിപ്പിക്കുന്ന ‘ഡേർട്ടി ബോംബ്’ അഥവാ രാസായുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താൻ ഇറാൻ ഗൂഢാലോചന നടത്തുന്നതായി പുറത്തുവന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ആഗോളതലത്തിൽ വലിയ ആശങ്ക പരത്തിയിരിക്കുകയാണ്. ട്രംപ് ഭരണകൂടത്തിലെ ഉന്നതതല ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഈ നീക്കം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അമേരിക്കയുടെ ആഭ്യന്തര സുരക്ഷയ്ക്ക് പോലും നേരിട്ട് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലേക്ക് നീങ്ങുന്നുവെന്നതിലേക്കാണ് വിരൽചൂണ്ടുന്നത്. ഏഴ് പ്രമുഖ യുഎസ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ എത്രത്തോളം ഗുരുതരമായ അവസ്ഥയിലേക്ക് എത്തിയെന്ന് വെളിപ്പെടുത്തുന്നു.

∙ അടിയന്തര സാഹചര്യം ഉടൻ ഇല്ലെങ്കിലും അതീവ ഗൗരവം

ലഭ്യമായ രഹസ്യാന്വേഷണ വിവരങ്ങൾ പ്രകാരം, ഇറാൻ ഉടനടി ഒരു ആക്രമണം നടത്തുന്നതിനേക്കാൾ ഉപരിയായി, അത്തരമൊരു നീക്കത്തെ തങ്ങളുടെ കൈവശമുള്ള ഒരു സാധ്യതയായി (ഓപ്ഷൻ) കരുതിവെക്കാനാണ് ശ്രമിക്കുന്നത്. എങ്കിലും, ആക്രമണം നടത്തേണ്ട കൃത്യമായ കേന്ദ്രങ്ങളും ലക്ഷ്യസ്ഥാനങ്ങളും ഇറാന്റെ പ്ലാനുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വസ്തുത യുഎസ് സുരക്ഷാ ഏജൻസികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനെത്തുടർന്ന് വാഷിങ്ടണിൽ അടിയന്തര സുരക്ഷാ യോഗങ്ങൾ ചേർന്നും ശക്തമായ പ്രതിരോധ നടപടികൾ കൈക്കൊണ്ടും മുൻകരുതലുകൾ ഊർജിതമാക്കിയിട്ടുണ്ട്.

ട്രംപിന്റെ ആദ്യ ഭരണകാലം മുതൽക്കേ അമേരിക്കൻ ഉദ്യോഗസ്ഥരെ വധിക്കാൻ ഇറാൻ ആസൂത്രണം നടത്തിയിരുന്നതായും, 2024-ൽ ട്രംപിനെതിരെ തന്നെ വധശ്രമത്തിനുള്ള ഗൂഢാലോചന നടന്നതായും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മുൻപ് വിദേശയാത്രകളിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിൽ, ഇപ്പോൾ ഭീഷണി അമേരിക്കയുടെ സിരാകേന്ദ്രമായ വാഷിങ്ടണിലേക്ക് തന്നെ എത്തിനിൽക്കുന്നുവെന്നതാണ് സ്ഥിതി സങ്കീർണമാക്കുന്നത്. ഇറാന്റെ ആക്രമണ ശേഷിയിലുണ്ടായ വർധനയല്ല, മറിച്ച് ഇത്തരം നീചമായ ആക്രമണങ്ങൾക്ക് അവർക്ക് ഇപ്പോൾ ലഭിച്ച ‘പ്രചോദനവും അനുകൂല സാഹചര്യവും’ തന്നെയാണ് ഈ പുതിയ സുരക്ഷാ വെല്ലുവിളിക്ക് കാരണമെന്ന് സുരക്ഷാ വിശകലന വിദഗ്ധർ വിലയിരുത്തുന്നു.

Fashion ⏭️

Back to top button