കോച്ചിങ് സെന്ററിലെ 24കാരി വിദ്യാർഥികൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു; അറസ്റ്റിൽ

മുംബൈ: പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് വാട്സാപ്പിലൂടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും അയച്ച സംഭവത്തിൽ കോച്ചിങ് സെന്ററിലെ ഇരുപത്തിനാലുകാരിയായ ജീവനക്കാരി അറസ്റ്റിലായി. പോക്സോ നിയമം, ഐടി ആക്ട് എന്നിവ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. നാഗ്പുരിലെ കാംപ്റ്റീയിലുള്ള ഒരു കോച്ചിങ് സെന്ററിലാണ് ഇത്തരമൊരു ഞെട്ടിക്കുന്ന സംഭവം നടന്നത്.
2026 ജൂലൈ 14 മുതൽ 31 വരെയുള്ള കാലയളവിലാണ് ഇവർ കുട്ടികൾക്ക് ഇത്തരം ദൃശ്യങ്ങൾ അയച്ചതെന്ന് പൊലീസ് തയ്യാറാക്കിയ എഫ്ഐആറിൽ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലെ ഓൾഡ് കാംപ്റ്റീ പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തത്. ഒരു സ്ത്രീ ജില്ലാ ശിശുസംരക്ഷണ അധികൃതർക്ക് നൽകിയ പരാതിയെത്തുടർന്നാണ് ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തറിഞ്ഞത്. തുടർന്ന് വിഷയത്തിൽ പ്രാഥമികതലത്തിൽ അന്വേഷണം നടത്തിയ ശിശുസംരക്ഷണ സമിതി അധികൃതർ, ലഭിച്ച തെളിവുകൾ സഹിതം പൊലീസിൽ പരാതി നൽകുകയായിരുന്നു.




