തായ്ലൻഡ് വിനോദസഞ്ചാര ദ്വീപിലെ തീപിടിത്തം: 11 മരണം, നൂറോളം വാഹനങ്ങൾ കത്തിനശിച്ചു

ബാങ്കോക്ക്: തായ്ലൻഡിലെ വിനോദസഞ്ചാര കേന്ദ്രമായ ഫുക്കറ്റിലുണ്ടായ വൻ അഗ്നിബാധയിൽ പതിനൊന്നുപേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പതിനാറുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ പാതോങ്ങിൽ തിങ്കളാഴ്ച പുലർച്ചെ 3.17-ഓടെയാണ് സംഭവം നടന്നത്.
ഭക്ഷണശാലയും വാടക മുറികളും മോട്ടോർ ബൈക്ക് വാടകയ്ക്ക് നൽകുന്ന സ്ഥാപനവും പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്. പിന്നീട് ഇത് സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്കും അതിവേഗം വ്യാപിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി ഫുക്കറ്റ് പൊലീസ് കമാൻഡർ സുരചായ് സൂക്സായ് വ്യക്തമാക്കി.
അതേസമയം, തീപിടുത്തത്തിന് തൊട്ടുമുമ്പ് കെട്ടിടത്തിന് സമീപമുണ്ടായിരുന്ന ഇലക്ട്രിക് ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അതിനാൽ തീപിടുത്തത്തിന് പിന്നിൽ അട്ടിമറി സാധ്യതകളൊന്നുമില്ലെന്ന് അധികൃതർ തള്ളിക്കളഞ്ഞു. അപകടം നടന്ന മോട്ടോർ സൈക്കിൾ വാടക കേന്ദ്രത്തിൽ നൂറോളം ബൈക്കുകൾ ഉണ്ടായിരുന്നതായും, വൻതോതിൽ പെട്രോളും എൻജിൻ ഓയിലും പ്ലാസ്റ്റിക് ഉൽപന്നങ്ങളും ടയറുകളും സൂക്ഷിച്ചിരുന്നതായും ഫുക്കറ്റ് ഗവർണർ ചോഡ്നാരിൻ കോഡ്സോം അറിയിച്ചു. പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുള്ള ഇത്തരം വസ്തുക്കൾ ഉള്ളതുകൊണ്ടാണ് തീ അതിവേഗം ആളിപ്പടർന്നതെന്നും വൻതോതിൽ വിഷപ്പുക ഉയർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




