NEWS

ടെൻഡർ നടപടികൾ അട്ടിമറിച്ച് 200 മെഗാവാട്ട് വൈദ്യുതി വാങ്ങൽ: കരാറിൽ ദുരൂഹത

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഒക്ടോബർ മാസത്തിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയ ഇടപാടിലും കടുത്ത അവ്യക്തത തുടരുന്നു. വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതിയോ കൃത്യമായ ടെൻഡർ നടപടികളോ പാലിക്കാതെ, യൂണിറ്റ് ഒന്നിന് 11 രൂപ നിരക്കിലാണ് കെഎസ്ഇബി വൈദ്യുതി വാങ്ങിയത്. ഇതിന് സാധുത തേടിക്കൊണ്ട് ബോർഡ് റഗുലേറ്ററി കമ്മിഷനെ സമീപിച്ചെങ്കിലും, നടപടിക്രമങ്ങളിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടി 15 സുപ്രധാന ചോദ്യങ്ങളുയർത്തി കമ്മിഷൻ അപേക്ഷ തള്ളിക്കളഞ്ഞു. ഈ ചോദ്യങ്ങൾക്ക് ഈ മാസം 18-നകം കൃത്യമായ മറുപടി നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇടപാട് നടന്ന് ഒന്നര മാസത്തോളം വൈകിയാണ് ഇക്കാര്യത്തിൽ കെഎസ്ഇബി കമ്മിഷന്റെ മുന്നിലെത്തിയത്.

നേരത്തെ, അടിയന്തര സാഹചര്യമെന്ന പേരിൽ വിഇഎച്ച് ഗ്ലോബൽ എന്ന കമ്പനിയുമായി ഉഭയകക്ഷി കരാറിൽ ഏർപ്പെടാൻ അനുവാദം തേടി കെഎസ്ഇബി സിഎംഡി എം.ജി.രാജമാണിക്യം സർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നു. വിരോധാഭാസമെന്നു പറയട്ടെ, അന്ന് ഊർജ സെക്രട്ടറിയുടെ താൽക്കാലിക ചുമതല കൂടി വഹിച്ചിരുന്ന അദ്ദേഹം തന്നെയായിരുന്നു താൻ ആവശ്യപ്പെട്ട പ്രൊപ്പോസലിന് സർക്കാർ തലത്തിൽ അനുമതി നൽകിയതും.

Fashion ⏭️

Back to top button