അബുദാബി ബിഗ് ടിക്കറ്റ്: പിതാവിന്റെ ഭാഗ്യനമ്പറിൽ മലയാളി സുഹൃത്തുക്കൾക്ക് ഗോൾഡൻ ബംപർ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റിന്റെ 292-ാം സീരീസ് നറുക്കെടുപ്പിലൂടെ ഇന്ത്യ, ബംഗ്ലാദേശ്, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അഞ്ച് പേർക്ക് 200 ഗ്രാം വീതം തൂക്കമുള്ള 24 കാരറ്റ് സ്വർണക്കട്ടികൾ സമ്മാനമായി ലഭിച്ചു. ഭാഗ്യശാലികളായ ഈ സംഘത്തിൽ മലയാളികളായ ഷാഫി പൊക്കുളങ്ങര ബാപ്പുഹാജിയും (37) വി.എം. അൻഷാദും (25) ഉൾപ്പെടുന്നു.
അബുദാബിയിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന ഷാഫിക്ക്, തന്റെ പിതാവിന്റെ ഭാഗ്യനമ്പറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വാങ്ങിയ ടിക്കറ്റാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. സുഹൃത്തുക്കളോടൊപ്പം ചേർന്നെടുത്ത ടിക്കറ്റിലൂടെ ഇവർക്ക് 24 കാരറ്റ് സ്വർണക്കട്ടി ലഭിക്കുകയായിരുന്നു. രണ്ടു വർഷമായി തങ്ങളുടെ ഇരുപത്തിയഞ്ചംഗ സുഹൃത് സംഘത്തോടൊപ്പം എല്ലാ മാസവും ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നവരാണ് മറ്റൊരു വിജയിയായ അൻഷാദും കൂട്ടുകാരും. ഇത്തവണ യാദൃച്ഛികമായി തിരഞ്ഞെടുത്ത ടിക്കറ്റിലൂടെ ഇവർക്ക് ലഭിച്ച സമ്മാനവും 24 കാരറ്റ് സ്വർണക്കട്ടി തന്നെയായിരുന്നു.




