NEWS
കോനബാരിയിലും മൗചക്കിലും സംഘർഷം: വാഹനങ്ങൾക്ക് തീയിട്ടു, ഫാക്ടറികൾ അനിശ്ചിതകാലത്തേക്ക് അടച്ചു

ധാക്ക: ബംഗ്ലാദേശിലെ വസ്ത്രനിർമാണശാലകളിൽ തൊഴിലാളികൾ നടത്തിവരുന്ന ശക്തമായ പ്രതിഷേധത്തെത്തുടർന്ന്, 13 റെഡിമെയ്ഡ് വസ്ത്ര നിർമാണ യൂണിറ്റുകൾ അനിശ്ചിതകാലത്തേക്ക് പ്രവർത്തനം നിർത്തിവെച്ചു. കൂടാതെ അഞ്ച് ഫാക്ടറികൾക്ക് ഒരു ദിവസത്തെ അവധിയും പ്രഖ്യാപിച്ചു. വേതന വർധന സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വേജ് ബോർഡ് ഇന്ന് യോഗം ചേരാനിരിക്കുകയാണ്. ഈ മാസാവസാനത്തോടെ പുതിയ ശമ്പള ഘടന സംബന്ധിച്ച ശുപാർശകൾ സമർപ്പിക്കും. ഡിസംബറോടെ പുതുക്കിയ വേതനനിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞദിവസം ഗാസിപുരിലെ മൗചക്, കോനബാരി പ്രദേശങ്ങളിൽ പ്രക്ഷോഭകാരികളെ പിരിച്ചുവിടുന്നതിനായി പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചിരുന്നു. മിനിമം വേതനം ഉയർത്തണമെന്ന ആവശ്യവുമായി ഈ മാസം ആരംഭം മുതൽ തന്നെ തൊഴിലാളികൾ സമരപാതയിലാണ്.




