ഒലയുടെ ഡാർക്ക് പാറ്റേണുകൾക്ക് തടയിട്ട് കേന്ദ്ര അതോറിറ്റി; മുൻകൂർ ടിപ്പ് നിർബന്ധമാക്കുന്ന രീതിക്ക് വിരാമം

ന്യൂഡൽഹി ∙ ഓൺലൈൻ ടാക്സി ബുക്കിങ് ആപ്പായ ഒലയിൽ വാഹനം വേഗത്തിൽ ലഭിക്കാനായി മുൻകൂറായി ‘ടിപ്പ്’ നൽകാൻ നിർബന്ധിക്കുന്ന രീതിക്കെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) കർശന നടപടി സ്വീകരിച്ചു. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഈ സമ്പ്രദായം അടിയന്തരമായി അവസാനിപ്പിക്കാൻ അതോറിറ്റി ഉത്തരവിട്ടു. കൂടാതെ, ഒലയുടെ മാതൃസ്ഥാപനമായ എഎൻഐ ടെക്നോളജീസിന് 10 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ടാക്സിക്കായി തിരയുന്ന സമയത്ത് വേഗത്തിൽ വാഹനം ഉറപ്പാക്കാൻ അധിക തുക നൽകാൻ ഒല ആപ്പ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ഇത്തരം ഡിജിറ്റൽ കുറുക്കുവഴികളെ ‘ഡാർക്ക് പാറ്റേൺ’ എന്നാണ് വിളിക്കുന്നത്. ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരെക്കൊണ്ട് അനാവശ്യമായി പണം ചെലവാക്കിക്കുക, റദ്ദാക്കാൻ ഏറെ പ്രയാസകരമായ രീതിയിൽ സബ്സ്ക്രിപ്ഷനുകൾ അടിച്ചേൽപ്പിക്കുക തുടങ്ങിയ ജനവിരുദ്ധ തന്ത്രങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് സിസിപിഎ സ്വീകരിച്ചിരിക്കുന്നത്.




