യുഎഇ ബാങ്ക് അക്കൗണ്ട്: പ്രവാസികൾ അറിഞ്ഞിരിക്കേണ്ട അഞ്ച് നിർണായക മുന്നറിയിപ്പുകൾ

അബുദാബി ∙ തൊഴിൽ നൽകാം എന്ന് വാഗ്ദാനം നൽകി ഉദ്യോഗാർഥികളിൽ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പണവും തട്ടിയെടുക്കുന്ന വ്യാജ റിക്രൂട്ട്മെന്റ് സംഘങ്ങൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. തട്ടിപ്പുകാർ ഇരകളെ കുടുക്കുന്ന രീതികളെക്കുറിച്ച് അഞ്ച് പ്രധാന സൂചനകളും അധികൃതർ പങ്കുവെച്ചു.
തങ്ങൾക്ക് വേണ്ടി സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ നിർബന്ധിക്കുക, ബാങ്കിങ് വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെടുക, കൂടാതെ ജോലി ലഭിക്കുന്നതിനായോ നടപടിക്രമങ്ങൾ വേഗത്തിലാക്കാനോ പണം ആവശ്യപ്പെടുക തുടങ്ങിയവയെല്ലാം ഇത്തരം തട്ടിപ്പുകളുടെ ലക്ഷണങ്ങളാണ്. ഇത്തരം പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉദ്യോഗാർഥികൾ അതീവ ശ്രദ്ധ പുലർത്തണം.
തൊഴിൽ വാഗ്ദാനങ്ങളുടെ ആധികാരികത എങ്ങനെ ഉറപ്പുവരുത്താമെന്നും മന്ത്രാലയം വിശദീകരിക്കുന്നു. ഔദ്യോഗികമായി നൽകുന്ന തൊഴിൽ ഓഫറുകളിൽ പ്രത്യേക സീരിയൽ നമ്പറും ബാർകോഡും ഉണ്ടായിരിക്കും. ഇവ ഉപയോഗിച്ച് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ MOHRE UAE മൊബൈൽ ആപ്ലിക്കേഷൻ വഴിയോ തൊഴിൽ വാഗ്ദാനത്തിന്റെ സത്യസന്ധത പരിശോധിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനുമായി 600590000 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടാവുന്നതാണ്.




